Share this Article
ഇരിട്ടി ശോഭ കൊലക്കേസ്: മഞ്ജുനാഥിന് ജീവപര്യന്തം; അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ അഭിനന്ദനം
വെബ് ടീം
16 hours 56 Minutes Ago
1 min read
shobha

ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതി മഞ്ജുനാഥിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. തലശേരി അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ശോഭ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. അൻഷാദിനെ കോടതി അഭിനന്ദിച്ചു. മികച്ച അന്വേഷണത്തിന് അൻഷാദിന് സർക്കാർ അംഗീകാരം നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ ശക്തമായ വാദം നടത്തിയ പ്രോസിക്യൂട്ടറെയും പോസ്റ്റ്മോർട്ടം നടത്തിയ സർജനെയും കോടതി അഭിനന്ദിച്ചു. 

ഈ അന്വേഷണ കഥ പിന്നീട് 'ഉയിര്‍' സിനിമയായും പുറത്തിറങ്ങിയിരുന്നു.ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരി 21-നാണ് ശോഭ എന്ന നാടോടി സ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തില്‍ ശോഭയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റില്‍ ഇട്ടതാണെന്ന് വ്യക്തമായി.. രണ്ടാം ഭര്‍ത്താവായിരുന്ന കേസിലെ പ്രതി മഞ്ജുനാഥ് അന്നുതന്നെ ശോഭയുടെ ആദ്യവിവാഹത്തിലെ രണ്ടു മക്കളുമായി സ്ഥലംവിട്ടു. മൈസൂരുവിലും ബംഗളൂരുവിലുമെത്തിയ ശേഷം അഞ്ച് വയസുള്ള ആണ്‍കുട്ടിയെയും അനിയത്തിയെയും കൂട്ടി മുംബൈയ്ക്ക് ട്രെയിന്‍ കയറി. യാത്രാമധ്യേ മഞ്ജുനാഥ് കുട്ടികളെ ട്രെയിനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.ട്രെയിനിലെ ശുചിമുറിയ്ക്ക് അരികില്‍ തന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാള്‍ പോയി എന്നും അനിയത്തി വിശന്നുകരഞ്ഞപ്പോള്‍ ഒരു ആന്‍റി ഭക്ഷണം തന്നുവെന്നും പിന്നീട് പൊലീസ് വന്ന് ഹോസ്റ്റലിലേക്ക് കൊണ്ടുപോയെന്നുമാണ് അന്നത്തെ അഞ്ചുവയസുകാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. കേസിലെ മൂന്നാം സാക്ഷിയായ കുട്ടിയുടെ മൊഴി പ്രകാരമാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുന്നത്. അമ്മയെ കൊല്ലുന്നത് കണ്ടുവെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ശോഭയുടെ ആദ്യ ഭർത്താവ് രാജുവിന്‍റെ മരണത്തിലെ ചുരുളഴിഞ്ഞത്.

ശോഭയും താനും ചേര്‍ന്നാണ് രാജുവിന്‍റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്നും മൃതദേഹം വനത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നും മഞ്ജുനാഥ് മൊഴി നല്‍കി. രാജുവിനെ കൊന്നകാര്യം പൊലീസിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെയായിരുന്നു ശോഭയെയും വകവരുത്തിയത്. കേസിലെ പ്രധാന വഴിത്തിരിവായ കുട്ടികളെ കണ്ടെത്തുന്നതിന് പിന്നിലെ മിടുക്ക് അന്നത്തെ അന്വേഷണ സംഘത്തിലെ പ്രൊബേഷൻ എസ്.ഐ.യായിരുന്ന അൻഷാദിന്‍റേതായിരുന്നു. മുംബൈയില്‍ ചെന്ന് അന്വേഷിച്ചാണ് കുട്ടികളെ കണ്ടെത്തുന്നത് ഇപ്പോള്‍ തൃശൂര്‍ ഈസ്റ്റ് സിഐ ആയ അന്‍ഷാദ് തന്നെയാണ് കുട്ടികളെ ഇപ്പോഴും സംരക്ഷിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories