ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുൻപുതന്നെ 1980ൽ സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിലുണ്ടായിരുന്നെന്ന പരാതിയിൽ രണ്ട് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ച് ഡൽഹി പൊലീസ്. കോൺഗ്രസ് നേതാവായ സോണിയ ഗാന്ധിയ്‌ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് 1983യിലാണ്.പരാതിയിൽ സ്വീകരിച്ച നടപടി എന്തെന്ന് സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിനോദ്ജോഷി നേരത്തെതന്നെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
കേസ് തുടർനടപടികൾക്കായി ഡിസംബർ 14ലേക്ക് മാറ്റി. നവംബർ 27ന് സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ ഈ പരാതികൾ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാര്യമല്ലെന്ന് വ്യക്തമാക്കുന്നു. അതിനാൽ തുടർനടപടികൾക്കായി ന്യൂഡൽഹി ജില്ലയിലേക്ക് അയച്ചു, ഇതോടെ പരാതി തുഗ്‌ളക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
തുടർന്ന് പരാതിയിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് വിശദമാക്കി സ്റ്റേഷൻഹൗസ് ഓഫീസർ രണ്ടാം റിപ്പോർട്ട് സമർപ്പിച്ചു.സോണിയ ഗാന്ധിയുടെ പേര് 1980നും 1983നുമിടയിൽ വോട്ടർപട്ടികയിലുണ്ടായിരുന്നോ എന്നത് പരിശോധിക്കാൻ ന്യൂഡൽഹി മജിസ്ട്രേറ്റിന് ഒരു നോട്ടീസ് അയച്ചിരുന്നതായും ഇതിന് ലഭിച്ച മറുപടിയിൽ ഈ രണ്ട് വർഷങ്ങളിലും സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടെന്ന് സ്ഥിരീകരിച്ചെന്നുമാണ് രണ്ടാം റിപ്പോർട്ടിലുള്ളത്.എന്നാൽ സോണിയയുടെ പേര് ഉൾപ്പെട്ടെന്ന് തെളിയിക്കാൻ ആവശ്യമായ ഫോം ആറും മറ്റ് രേഖകളും ഇതുവരെ ലഭിച്ചില്ലെന്നും അവയ്‌ക്കായി അന്വേഷണം നടത്തിയെന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇതിനായി ഇപ്പോഴും പൊലീസ് അന്വേഷണം നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്.