കൊച്ചി: കേരളത്തിലെ കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേഖലകളിലെ സംരംഭകരും മറ്റ് വ്യവസായ പ്രമുഖരും ഒത്തുചേരുന്ന 'സി.ഒ.എ - കേരളവിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ 2026' സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ മുഹമ്മദ് ഷിയാസ് എം.എല്‍.എ., ബീറ്റ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഡോ. ജെ. രാജ്മോഹന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ), കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ് (കെസിസിഎല്‍), കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് ലിമിറ്റഡ് (കെവിബിഎല്‍) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000ലേറെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍, മുന്‍നിര ബ്രോഡ്കാസ്റ്റര്‍മാര്‍, എം.എസ്.ഒ.കള്‍, ഐ.എസ്.പി.കള്‍, മറ്റ് വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ സംഗമത്തിന്റെ ഭാഗമാകും. കേരളവിഷന്‍ ഗ്രൂപ്പിന്റെ പുതു സംരംഭങ്ങളായ കേരളവിഷന്‍ ടൂറിസം ലി., കേരളവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ചടങ്ങില്‍ നടക്കും. തുടര്‍ന്ന് വിവിധ ടെക്‌നിക്കല്‍ പ്രസന്റേഷനുകളുമുണ്ടാകും.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും കടുത്ത മത്സരത്തിനിടയില്‍, കേരളത്തിലെ പ്രാദേശിക സംരംഭകര്‍ക്ക് സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നതിനും അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം. മാധ്യമ, കേബിള്‍ ടെലിവിഷന്‍, ബ്രോഡ്ബാന്‍ഡ് മേഖലകളില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, വ്യവസായം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും, ഭാവി ബിസിനസ് മാതൃകകള്‍ എന്നിവ സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനും ഈ സംരംഭക കണ്‍വന്‍ഷന്‍ സാക്ഷ്യം വഹിക്കും.
സംസ്ഥാനത്തുടനീളം 40 ലക്ഷത്തോളം ബ്രോഡ്ബാന്‍ഡ്, കേബിള്‍ ടിവി ഉപഭോക്താക്കളുള്ള കേരളവിഷന്‍ നിലവില്‍ ട്രായുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആറാമത്തെ വലിയ ഐഎസ്പിയാണ്. എംഎസ്ഒകളില്‍ നാലാം സ്ഥാനത്തും. കൂടാതെ ദേശീയതലത്തില്‍ FTTH സേവനദാതാക്കളില്‍ അഞ്ചാം സ്ഥാനവും ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി കേരളവിഷന്‍ മുന്നേറുകയാണ്.
സിഒഎ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, കെസിസിഎല്‍&കെവിബിഎല്‍ ചെയര്‍മാന്‍ സുരേഷ് കുമാര്‍ പിപി, മാനേജിംഗ് ഡയറക്ടര്‍ അനില്‍ മംഗലത്ത്, സിഒഎ വൈസ് പ്രസിഡന്റ് പി.എസ് രജനീഷ് എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.