കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരപ്രതിഭകളെ ആദരിക്കുന്ന നാലാമത് കേരളവിഷൻ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു.മലയാള ടെലിവിഷൻ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രതിഭകളെയും ജനപ്രിയ പരിപാടികളെയും കണ്ടെത്താനും ആദരിക്കാനുമായി ഏര്‍പ്പെടുത്തിയ നാലാമത് കേരളവിഷൻ ടെലിവിഷൻ അവാർഡുകളാണ് കൊച്ചി ക്രൗണ്‍ പ്ലാസയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രഖ്യാപിച്ചത്.
മികച്ച നടനായി കിഷോർ പാലോടും, നടിയായി സുസ്മിതയും തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റിലെ ‘മഴ തോരും മുൻപേ’ എന്ന പരമ്പരയിലെ പ്രകടനത്തിന് കിഷോർ പാലോട് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, ഫ്ളവേഴ്സ് ടിവിയിലെ ‘സുഖമോ ദേവി’യിലൂടെ സുസ്മിത മികച്ച നടിയായി.
ജനപ്രിയ നടനായി കൗമുദി ടിവിയിലെ ‘അളിയൻസ്’ പരമ്പരയിലൂടെ അനീഷ് രവിയും, ഏഷ്യാനെറ്റിലെ ‘കാറ്റത്തെ കിളിക്കൂട്’ എന്ന പരമ്പരയിലൂടെ നിതിൻ ജേക്ക് ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. സൂര്യ ടിവിയിലെ ‘സ്വയംവരപ്പന്തൽ’ എന്ന പരമ്പരയിലെ അഭിനയത്തിന് സോന നായർ ജനപ്രിയ നടിക്കുള്ള പുരസ്കാരം നേടി.
മികച്ച സഹനടിയായി സീ കേരളത്തിലെ ‘കൃഷ്ണഗാഥ’യിലൂടെ കവിതാ നായരും, മികച്ച സഹനടനായി ഏഷ്യാനെറ്റിലെ ‘സാന്ത്വനം 2’വിലൂടെ ദീപൻ മുരളിയും അർഹരായി. ഏഷ്യാനെറ്റിലെ ‘പവിത്രം’ എന്ന പരമ്പരയിലെ അഭിനയത്തിന് അലിഫ് ഷാ മികച്ച പ്രതിനായകനുള്ള പുരസ്കാരം നേടിയപ്പോൾ, സുർജിത്ത് പുരോഹിത് ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അർഹനായി. സീ കേരളത്തിലെ ‘ചെമ്പരത്തി’യിലൂടെ റെനീഷ റഹ്മാൻ മികച്ച പ്രതിനായിക കഥാപാത്രത്തിനുള്ള പുരസ്കാരവും, ‘അമ്മേ മൂകാംബിക’ എന്ന പരമ്പരയിലൂടെ ഡിനി ഡാനിയേൽ ഇതേ വിഭാഗത്തിൽ പ്രത്യേക ജൂറി പുരസ്കാരവും നേടി.
ഹാസ്യരംഗത്തെ മികച്ച പ്രകടനത്തിന് മഴവിൽ മനോരമയിലെ ‘മറിമായ’ത്തിലൂടെ നിയാസ് ബക്കറും, ഫ്ളവേഴ്സ് ടിവിയിലെ ‘ഉപ്പും മുളകും’ പരമ്പരയിലൂടെ ജൂഹി റുസ്തഗിയും മികച്ച ഹാസ്യ താരങ്ങളായി.
മികച്ച അവതാരകനായി മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’യിലൂടെ കാർത്തിക് സൂര്യ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പരമ്പരയായി ഏഷ്യാനെറ്റിലെ ‘മഴ തോരും മുൻപേ’യും, ജനപ്രിയ പരമ്പരയായി മഴവിൽ മനോരമയിലെ ‘മറിമായ’വുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
‘മഴ തോരും മുൻപേ’ എന്ന പരമ്പരയിലൂടെ മനോജ് രാജേന്ദ്രൻ മികച്ച സംവിധായകനായി.
മികച്ച നോൺ-ഫിക്ഷൻ ഷോയ്ക്കുള്ള അവാർഡ് അമൃത ടിവിയിലെ ‘സൂപ്പർ സ്റ്റാർ’ കരസ്ഥമാക്കി. ‘മഴ തോരും മുൻപേ’ എന്ന പരമ്പരയിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് വൈഷ്ണവി സായ്കുമാർ ഈ വർഷത്തെ ഔട്ട്സ്റ്റാൻഡിങ് പെർഫോമർ അവാർഡിനും അർഹയായി.
ജെപ്സ് സോളാറുമായി (GEPS Solar) സഹകരിച്ചാണ് കേരളവിഷൻ ടെലിവിഷൻ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
കേരളവിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രജീഷ് അച്ചാണ്ടി ആമുഖപ്രഭാഷണം നടത്തിയ പരിപാടിയിൽ സി ഒഎ സംസ്ഥാന പ്രസിഡൻ്റ് പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറി പിബി സുരേഷ് കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബൂബക്കർ സിദ്ദിഖ്, കേരളവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് എംഡി കെ ഗോവിന്ദൻ, സിഒഎ സംസ്ഥാന സെക്രട്ടറിമാരായ സിബി പി എസ്, നിസാര്‍ കോയപറമ്പിൽ, സിഡ്‌കോ പ്രസിഡൻ്റ് കെ. വിജയകൃഷ്ണൻ, വിന്നേഴ്‌സ് റോയൽ വർഷ ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജയകുമാർ, ഹെയറോ ക്രാഫ്‌റ്റ് എംഡി സെബാസ്റ്റ്യൻ ബെൻസ്, ജുവല്‍ റോക്സ് ഹയര്‍ പര്‍ചേസ് ആൻഡ് ലീസിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശിവകുമാർ, DDRC അജിലസ് പാത് ലാബ്സ് ലിമിറ്റഡ് സീനിയർ മാനേജർ ശരത് എം എസ്, സോണൽ ഹെഡ് മുഹമ്മദ് സാദിഖ്, വളപ്പില കമ്മ്യൂണിക്കേഷൻസ് എംഡി ജോൺ വളപ്പില, ജോയ് ആലുക്കാസ് മാർക്കറ്റിംഗ് ഹെഡ് അനീഷ് വര്‍ഗീസ്, പോൾ മാൻ മീഡിയ എംഡി ഷൈൻ പോൾ, എ ആൻഡ് എ മാനേജിംഗ് ഡയറക്ടര്‍ റെജി ചാവറ, ജെപ്സ് സോളാർ പ്രോജക്ട്സ് ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പ്രശോഭ്, യെല്ലോ ക്ലൗഡ് ഫൗണ്ടർ ചെയർമാൻ ശിവപ്രസാദ് എം എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കേരളവിഷൻ ന്യൂസ് ഡയറക്ടര്‍ സുരേഷ് ബാബു നന്ദി അറിയിച്ചു.
ടെലിവിഷൻ രംഗത്തെ സർഗ്ഗാത്മകതയെയും പ്രതിഭയെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നാലാമത് കേരളവിഷൻ ടെലിവിഷൻ അവാര്‍ഡുകള്‍ സെപ്തംബര്‍ 19ന് വൈകീട്ട് 5 മണിക്ക് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻ്ററില്‍ നടക്കുന്ന വര്‍ണാഭമായ കലാസന്ധ്യയിലും മെഗാഷോയിലും വിതരണം ചെയ്യും.