കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് സ്പെയിനിന്റെ കാനറി ദ്വീപ സമൂഹത്തില്‍പ്പെട്ട എല്‍ ഹിയറോയില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ മാഡ്രിഡിലെ സര്‍ക്കാരിനോട് എല്‍ ഹിയറോ അധികൃതര്‍ സഹായം അഭ്യര്‍ഥിച്ചു. നവംബര്‍ മാസം ആരംഭിച്ചതുമുതല്‍ ഏകദേശം 30 ബോട്ടുകളിലായി 3,300ലധികം ആളുകള്‍ ദ്വീപില്‍ എത്തിച്ചേര്‍ന്നതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. ഏകദേശം 11,400 നിവാസികളാണ് എല്‍ ഹിയറോ ദ്വീപിലുള്ളത്. പുതിയതായി എത്തിയവര്‍ക്ക് താല്‍ക്കാലിക താമസസൗകര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. 2024ല്‍ ഇവിടെ എത്തുന്നവരുടെ എണ്ണം 46,000 കടന്ന് റെക്കോര്‍ഡിലെത്തിയിരുന്നു. നവംബറിലെ ആദ്യ ആറ് ദിവസങ്ങളില്‍, കാനറി ദ്വീപുകളുടെ തീരത്തുനിന്ന് 3,261 കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സമുദ്ര രക്ഷാസേന രക്ഷപ്പെടുത്തി. 2024ല്‍ കണ്ട റെക്കോര്‍ഡ് സംഖ്യകളിലേക്ക് ഈ കണക്കുകള്‍ അടുക്കുകയാണെന്നും, ചില ദിവസങ്ങളില്‍ വരവിന്റെ നിരക്ക് അതിലും കൂടുതലാണെന്നും കാനറി ദ്വീപുകളുടെ പ്രാദേശിക നേതാവായ ഫെര്‍ണാണ്ടോ ക്ലവിജോ അറിയിച്ചു.