അഹമ്മദാബാദ്: രണ്ട് തലയും നാല് കണ്ണുകളുമുള്ള അപൂർവ ഇനം പാമ്പിനെ ഗുജറാത്തിൽ നിന്ന് കണ്ടെത്തി. ദാഹോദ് ജില്ലയിലെ ധൻപൂർ താലൂക്കിലെ അഗസ്വാനി ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് ഏകദേശം ആറ് ഇഞ്ച് നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ദാഹോദ് പ്രകൃതി മിത്ര മണ്ഡൽ പ്രവർത്തകർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
പ്രവർത്തകർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വിഷമില്ലാത്ത വുൾഫ് സ്നേക്ക് ആണെന്ന് തിരിച്ചറിയുകയായിരുന്നു. എന്നാൽ പാമ്പിന്റെ ശരീരത്തിൽ രണ്ട് തലകളും നാല് കണ്ണുകളും കണ്ടതിനെത്തുടർന്ന് നാട്ടുകാർ അത്ഭുതപ്പെടുകയായിരുന്നു. ബൈസെഫലി എന്നറിയപ്പെടുന്ന അപൂർവ ജനിതക വൈകല്യമാണ് ഇതിന് കാരണമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.രണ്ട് തലകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രണ്ട് തലകളിലും പ്രത്യേകം കണ്ണുകളുണ്ട്. ഓരോ തലയ്ക്കും സ്വന്തം തലച്ചോറും നാഡീവ്യവസ്ഥാ ഘടനകളും ഉള്ളതായാണ് കരുതപ്പെടുന്നത്. എന്നാൽ രണ്ട് തലകളും എത്രത്തോളം സ്വതന്ത്രമായി പ്രവർത്തിക്കുന്നു എന്നത് വ്യത്യാസപ്പെടാമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.