മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് നടത്തിയെന്ന കേസില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ യു. ഷറഫലിക്കെതിരെ പ്രത്യേക അന്വേഷണ സംഘം നിര്‍ണായക രേഖകള്‍ കണ്ടെത്തി. യു ഷറഫലി മാനേജിംഗ് ഡയറക്ടറായ മലപ്പുറം അരീക്കോട്ടുള്ള സ്‌പോര്‍ട്‌സ് അക്കാദമിയുടെ അക്കൗണ്ടിലേക്ക്, സ്‌പോണ്‍സറായ ആര്‍ബിസിയുടെ അക്കൗണ്ടില്‍ നിന്ന് 2025 സെപ്റ്റംബറില്‍ രണ്ട് കോടി രൂപ എത്തിയതിന്റെ തെളിവുകളാണ് എസ്.ഐ.ടിക്ക് ലഭിച്ചത്. ആര്‍.ബി.സിയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുണ്ടാക്കിയ കരാറില്‍ സര്‍ക്കാര്‍ പ്രതിനിധിയെന്ന പദവി ഉപയോഗിച്ച് സാക്ഷിയായി ഒപ്പിട്ടത് താനൊരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയിലാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ വാദവും രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള കരാറാണെന്ന ഇതെന്ന വിശദീകരണവും നിയമപരമായി നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പണമിടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ സമാനമായ മറ്റ് സംശയാസ്പദ പണമിടപാടുകളും കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവ ഉടന്‍ കോടതിയെ അറിയിക്കുമെന്നും ഷറഫലിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നുമാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്.