ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായത് അയ്യപ്പഭക്തരെ വലക്കുന്നു. ഡിസംബർ 25-ാം തീയതി വരെ എല്ലാ ദിവസവും ബുക്കിങ് പൂർണമാണ്. വ്രതമെടുത്ത് മാലയിട്ട ഭക്തർ എന്ന് ശബരിമലയ്ക്ക് പോകാൻ കഴിയുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.
ശബരിമലയിലെ മണ്ഡലകാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് അതിവേഗമാണ് പൂർത്തിയായത്. ഡിസംബറിൽ 25 -ാം തീയതി വരെ ഒരു ദിവസവും സ്ലോട്ട് ലഭിക്കാത്ത അവസ്ഥയാണ്. ബുക്കിങ് പൂർത്തിയായെങ്കിലും ഇതിൻ്റെ പകുതിപേർ പോലും പല ദിവസങ്ങളിലും എത്തുന്നുമില്ല.
കേരളത്തിന് പുറത്തുള്ള ചില ടൂർ ഏജൻസികൾ പല ദിവസങ്ങളിൽ കൂട്ടത്തോടെ ബുക്കിങ് നടത്തുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സൂചനയുണ്ട്. ബുക്ക് ചെയ്ത എത്രപേർ എത്തുമെന്ന് അറിയാത്തതിനാൽ സ്പോട്ട് ബുക്കിംഗ് വഴി സന്നിധാനത്ത് എത്താൻ മറ്റുള്ളവർക്ക് കഴിയുമോ എന്നും ഉറപ്പില്ല. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവരാണ് ഏറെ പ്രതിസന്ധിയിലാകുന്നത്.
വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തും സ്പോട്ട് ബുക്കിങ് വഴിയും 80,000 പേർക്കാണ് ഒരു ദിവസം ദർശനത്തിന് അനുമതി ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എത്രപേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാകുമെന്ന് പറയാനാകില്ല.