മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്കും ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി പ്രമുഖ ഗായകന്‍ സലീം കോടത്തൂര്‍. ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച പതിനേഴുകാരിക്ക് ഉണ്ടായതിന് സമാനമായ 'മെംബ്രനസ് നെഫ്രോപ്പതി' എന്ന രോഗാവസ്ഥയാണ് തന്നെയും ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട്ടുള്ള ഒരു സുഹൃത്ത് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം വര്‍ധിക്കുന്ന രീതിയിലുള്ള ഫലം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. രോഗം എന്താണെന്ന് തിരിച്ചറിയുന്നതിനായി ശരീരത്തില്‍ നടത്താത്ത പരിശോധനകള്‍ ഒന്നുമില്ലായിരുന്നുവെന്നും മാസങ്ങളോളം നീണ്ട ചികിത്സയ്ക്കും പരിശോധനകള്‍ക്കും ശേഷമാണ് രോഗകാരണം പോലും കണ്ടെത്താനായതെന്നും സലീം കോടത്തൂര്‍ വ്യക്തമാക്കി.