തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പുതിയ എക്സൈസ് കമ്മീഷണറായി ഡോ. കാർത്തികേയൻ എസ് ഐഎഎസിനെ നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി. ഡി. ബാലമുരളിക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ചുമതല നൽകി. വിവിധ വകുപ്പുകളിലായി നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ ചുമതലകൾ നൽകിയും സർക്കാർ ഉത്തരവിറക്കി.ഡോ. കാർത്തികേയൻ എസ് എക്സൈസ് കമ്മീഷണറായി ചുമതലയേൽക്കും. ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. എംജി രാജമാണിക്യം തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാകും. ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്.ഡി. ബാലമുരളിയാണ് പുതിയ ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറി. ടി.വി. സുഭാഷിനെ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ശർമ മേരി ജോർജിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ അധിക ചുമതലയും നൽകി.
പ്രശാന്ത് ഐഎഎസ് നിലവിലെ കെസിബി ചെയർമാൻ ചുമതലയ്ക്ക് പുറമെ മൃഗശാല, മ്യൂസിയം ഉൾപ്പെടെയുള്ള വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിക്കും. സുഹാസ് ഐഎഎസിനെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ മാനേജിങ് ഡയറക്ടറായും സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു.അബ്ദുൽ നാസർ ഐഎഎസിന് പാർലമെന്ററികാര്യ വകുപ്പിൽ അഡീഷനൽ സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി ചുമതലകളും നൽകിയിട്ടുണ്ട്.