സംസ്ഥാനത്ത് അരി വില കുതിക്കുന്നു. പൊന്നി അരിക്ക് 3 മാസത്തിനിടെ 20 രൂപയോളമാണ് വര്‍ധിച്ചത്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് ഓരോ ആഴ്ചയും വെളിപ്പെടുത്താന്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയം രാജ്യത്തെ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു
ഓണത്തിന് ശേഷമാണ് സംസ്ഥാനത്ത് അരിയുടെ വില കൂടാന്‍ തുടങ്ങിയത്. പൊന്നി അരിക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധന. 3 മാസത്തിനിടെ 20 രൂപയോളം കൂടി. ചില്ലറ വിപണിയില്‍ ഗുണനിലവാരം ഏറ്റവും കൂടിയ പൊന്നിക്ക് ചിലയിടത്ത് 100 ന് അടുത്തായി. മൊത്ത വിപണിയില്‍ പൊന്നി അരിയിലെ വിവിധ ഇനങ്ങള്‍ക്ക് 65 രൂപ മുതല്‍ 85 രൂപ വരെയാണ് കിലോക്ക് വില. കുറുവക്കും 3 മാസത്തിനിടെ 8 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. ബിരിയാനിക്കുള്ള കയമാ അരിക്ക് വില കുറഞ്ഞപ്പോള്‍ കോല അരിക്ക് വില കൂടി
അരി വില ഉയരുന്ന പശ്ചാത്തലത്തില്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് വിവരങ്ങള്‍ ഓരോ ആഴ്ചയും അറിയിക്കാന്‍ മൊത്തക്കച്ചവടക്കാര്‍ അരിമില്ലുടമകള്‍ സംസ്‌കരണ ശാലകള്‍ തുടങ്ങിയവക്ക് ഇക്കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവര്‍ കേന്ദ്രത്തിന്റെ ഫുഡ് സ്റ്റോക്ക് പോര്‍ട്ടലില്‍ എല്ലാ വെള്ളിയാഴ്ചയും സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ പുതുക്കണം.
കേരളം ഉള്‍പ്പെടെയുള്ള 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അരിയുടെയും നെല്ലിന്റെയും സ്റ്റോക്കിന് പരിധി ഏര്‍പ്പെടുത്താനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. മഴക്കുറവ് ഉള്‍പ്പെടെയുള്ള കാലാവസ്ഥ മാറ്റം മഹാരാഷ്ട്ര ആന്ധ്രാ പോലുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചതാണ് വില വര്‍ധനയുടെ പ്രധാന കാരണം. കൂടാതെ അരിയുടെ ലഭ്യത കുറഞ്ഞതും എഥനോള്‍ ഫാക്ടറികള്‍ക്ക് വലിയ തോതില്‍ അരി ലഭ്യമാക്കിയതും പൊതുവിപണിയില്‍ അരിയുടെ വില ഉയരാന്‍ കാരണമായി. ഇത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണിയിലും പരോക്ഷമായി വിലക്കയറ്റത്തിന് വഴിയൊരുക്കിയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.