സ്റ്റോക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു കാൾ ഡീസെറോത്ത്, പീറ്റർ ഹെഗ്മാൻ, ജോർജ് നഗൽ എന്നിവർ അർഹരായി. ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്‌റ്റോജെനെറ്റിക്‌സിനെയും കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് ഇക്കുറി വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.
സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ അസംബ്ലിയാണ് സമ്മാനം പ്രഖ്യാപിച്ചത്. ജീവശാസ്ത്രത്തിലോ വൈദ്യശാസ്ത്രത്തിലോ ഉള്ള പ്രധാന കണ്ടെത്തലുകൾക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്.
വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം കൃത്യമായി നിയന്ത്രിക്കാൻ സഹായിക്കുന്ന രീതിയാണ് ഒപ്റ്റോജനറ്റിക്സ്. പീറ്റർ ഹെഗ്മാനും ജോർജ്ജ് നാഗലും ചേർന്ന് പ്രകാശത്തോട് പ്രതികരിക്കുന്ന പ്രോട്ടീനുകളെ തിരിച്ചറിയുകയും അവയുടെ പ്രവർത്തനം കണ്ടെത്തുകയും ചെയ്തു. പിന്നീട് കാൾ ഡൈസെറോത്ത് ഈ പ്രോട്ടീനുകളെ നാഡീകോശങ്ങളിലേക്ക് എത്തിച്ച് വെളിച്ചത്തിലൂടെ മസ്തിഷ്ക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. ഈ വഴിത്തിരിവ് നാഡീവ്യൂഹത്തെക്കുറിച്ചുള്ള പഠനത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.പാർക്കിൻസൺസ് രോഗം, വിഷാദം, അപസ്മാരം, കാഴ്ച വൈകല്യങ്ങൾ എന്നിവയ്ക്ക് പുതിയ ചികിത്സാരീതികൾ കണ്ടെത്താൻ ഈ ഗവേഷണം സഹായിക്കുന്നു.