കൊൽക്കത്ത: ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി മക്കളോടൊപ്പം കാളീക്ഷേത്രത്തിൽ ഇരുന്ന യുവാവ് അറസ്റ്റിൽ. രക്തം പുരണ്ട കത്തിയുമായി ഭാര്യയുടെ തല മടിയിൽ വെച്ചിരിക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഈ സമയം ഇവരുടെ രണ്ട് ആൺമക്കളും ഇയാൾക്കൊപ്പമുണ്ടായിരുന്നു.
പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ ഗംഗാറാംപൂരിലാണ് സംഭവം.
നോർത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ബസ് കണ്ടക്ടറായ റിന്റു ഘോഷ് ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ സീമ സർക്കാർ (35) ആണ് കൊല്ലപ്പെട്ടത്. അറുത്തുമാറ്റിയ തലയുമായി ക്ഷേത്രത്തിൽ യുവാവിനെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഗംഗാറാംപൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.ജോലി നഷ്ടപ്പെട്ടതിന് ശേഷം താൻ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പ്രതി പറഞ്ഞു. "ഞാനൊരു സൈക്കോ ആയി മാറി," എന്നാണ് പോലീസ് വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബസ് കണ്ടക്ടർ ജോലി നഷ്ടപ്പെട്ടതിന് ശേഷം ഇയാൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനോട് അറിയിച്ചു.