ന്യൂഡൽഹി∙ ഓൾഡ് ഡൽഹിയിലെ ചാവ്ഡി ബസാറിൽ നിർമാണത്തിലിരുന്ന മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് ആശങ്ക. ഇന്നു രാവിലെ 9.50ഓടെയായിരുന്നു അപകടം.
ചാവ്ഡി ബസാർ മെട്രോ സ്റ്റേഷനു സമീപം ഗലി സിതാരയിലുള്ള കെട്ടിടമാണ് തകർന്നത്. അപകടവിവരമറിഞ്ഞ് ഡൽഹി അഗ്നിരക്ഷാസേനയുടെ ആറു യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർ ടെൻഡറുകൾക്കും രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾക്കും പുറമേ രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
ഡൽഹിയിൽ സമീപകാലത്തുണ്ടായ തുടർച്ചയായ കെട്ടിടത്തകർച്ചകൾക്കിടെയാണ് പുതിയ അപകടം. സെപ്റ്റംബർ ആറിന് ദക്ഷിണ ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ചിരുന്നു. ഒക്ടോബർ ഏഴിന് വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ നാലുനില കെട്ടിടം തകർന്ന് ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർ മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനകളെക്കുറിച്ചും അനധികൃത നിർമാണങ്ങളെക്കുറിച്ചും വീണ്ടും ആശങ്ക ഉയർത്തുന്നതാണ് പുതിയ അപകടം.