പ്രമുഖ ഫോട്ടോഗ്രാഫർ കൊല്ലം മോഹനൻ (മോഹൻ) അന്തരിച്ചു. കുടുംബസമേതം യാത്രയ്ക്കിടെ മാർത്താണ്ഡത്തുവച്ച് ട്രെയിനിൽനിന്ന് കാൽവഴുതി വീണായിരുന്നു അന്ത്യം.
കേരളശബ്ദം, നാന സിനിമാ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫർ ആയിരുന്നു കൊല്ലം മോഹൻ. കൊല്ലം കുരീപ്പുഴ മണലിൽ ശിവ ക്ഷേത്രത്തിന് സമീപത്താണ് ഇദ്ദേഹത്തിന്റെ വീട്.
ഒരു പരിപാടിയുമായി ബന്ധപ്പെട്ട് മോഹൻ തിരുവനന്തപുരത്തായിരുന്നു. കൊല്ലത്തുനിന്ന് മാർത്താണ്ഡത്തേക്കു പുറപ്പെട്ട ബന്ധുക്കളുമായി ബന്ധപ്പെട്ട് അവർ സഞ്ചരിച്ചിരുന്ന ട്രെയിനിൽ മോഹൻ തിരുവനന്തപുരത്തുനിന്നാണ് കയറിയത്. എന്നാൽ ട്രെയിനിൽ വച്ച് അവർക്ക് മോഹനുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. മറ്റുള്ളവർ മാർത്താണ്ഡത്ത് ട്രെയിൻ ഇറങ്ങിയെങ്കിലും മോഹനെ അവിടെയും കാണാതായതോടെ അന്വേഷണം തുടങ്ങി. ഒടുവിൽ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപം ആരോ ട്രെയിനിൽനിന്നു വീണെന്നു വിവരം ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിലാണ് മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
കൊല്ലത്തുനിന്നു പ്രസിദ്ധീകരിക്കുന്ന നാനാ, കുങ്കുമം, കേരള ശബ്ദം തുടങ്ങിയവയിലൂടെയാണ് കൊല്ലം മോഹൻ ശ്രദ്ധേയനായത്. ഈ പ്രസിദ്ധീകരണങ്ങളുടെ സ്റ്റാഫ് ഫോട്ടോഗ്രഫറായിരുന്നു. 1980കൾ മുതൽ സിനിമാ പ്രസിദ്ധീകരണമേഖലയിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടാഗ്രാഫറാണ് കൊല്ലം മോഹൻ. ചലച്ചിത്ര താരങ്ങളായ മധു, ജയൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ഉർവശി, കാർത്തിക, പാർവതി തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ സ്റ്റിൽ ഫോട്ടോകളെടുത്തിട്ടുണ്ട്.