ഗുവാഹത്തി : അസമിലെ കാസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കാസിരംഗയ്ക്ക് സമീപം റോംഗാജാനിലായിരുന്നു അപകടം. ബൊകാഖട്ടിൽ നിന്ന് നാഗോമിലേക്ക് പോവുകയായിരുന്ന മിനിബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിബസ് പൂർണമായും തകർന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകട വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന മിനി ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ കോഹോറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.