ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച ഇൻസ്റ്റഗ്രാമിൽ നടത്തിയ ആസ്ക് മി തത്സമയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. തന്റെ ഫോൺ ഉയർത്തിക്കാട്ടിയ രാഹുൽ, പ്രധാനമന്ത്രിക്കെതിരായ എല്ലാ തെളിവുകളും ഇതിലുണ്ടെന്നും പറഞ്ഞു.
‘‘തെളിവുകൾ ഈ ഫോണിലുണ്ട്. എന്റെ ഫോൺ ചോർത്തുന്നതിനാൽ പ്രധാനമന്ത്രിക്ക് അത് കൃത്യമായി അറിയാം’’– ഫോൺ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു. വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി നേർക്കുനേർ സംവാദത്തിന് തയാറാണെന്ന വെല്ലുവിളിയും അദ്ദേഹം ആവർത്തിച്ചു. എന്നാൽ, ഫോൺ ചോർത്തൽ ആരോപണം തെളിയിക്കുന്ന സാങ്കേതിക രേഖകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല.