ന്യൂഡല്‍ഹി: വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇനിമുതല്‍ വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി വാഹനത്തിന്റെ പഴക്കവും എന്‍ജിന്‍ നിലവാരവും അനുസരിച്ചാകും കണക്കാക്കുക. ഇതുവരെ ഒരേ കാറ്റഗറിയിലെ എല്ലാ വാഹനങ്ങള്‍ക്കും ഒരേപോലെയായിരുന്നു നിയമം. പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.ആറ് വര്‍ഷം വരെ പഴക്കമുള്ള BS-VI വാഹനങ്ങള്‍ പുതിയ നിയമപ്രകാരം 3 വര്‍ഷം കൂടുമ്പോള്‍ മാത്രം പുകപരിശോധന നടത്തി പിയുസി സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍) നേടിയാല്‍ മതി.ആറ് മുതല്‍ 10 വര്‍ഷം വരെ പഴക്കമുള്ള BS-VI സ്വകാര്യ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റ് കാലാവധി.
10 വര്‍ഷത്തിന് മുകളിലുള്ള BS-VI വാഹനങ്ങള്‍ക്ക് ആറ് മാസം കൂടുമ്പോള്‍ പരിശോധന നടത്തണം.
ആറ് വര്‍ഷം വരെ പഴക്കമുള്ള BS-VI വാണിജ്യ വാഹനങ്ങളില്‍ ടാക്‌സികള്‍, ചരക്ക് വാഹനങ്ങള്‍ തുടങ്ങിയവക്ക് രണ്ട് വര്‍ഷമാണ് പുതിയ കാലാവധി.
വാഹനങ്ങള്‍ക്ക് നിലവില്‍ കാലാവധിയുള്ള പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അത് തീരുന്നത് വരെ ഉപയോഗിക്കാം.
എല്ലാ BS-I, BS-II, BS-III വാഹനങ്ങള്‍ക്കും ഇനി മുതല്‍ മൂന്നുമാസം കൂടുമ്പോള്‍ പുകപരിശോധന നടത്തണം. ഇത് വരെ ആറ് മാസമായിരുന്നു ഈ വിഭാഗങ്ങളിലെ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കാലാവധി.BS-IV വാഹനങ്ങള്‍ക്ക് നേരത്തെ ഒരു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റായിരുന്നു നല്‍കിയത്. എന്നാല്‍, ഇനിമുതല്‍ എല്ലാ BS-IV വാഹനങ്ങളും ആറുമാസം കൂടുമ്പോള്‍ പുകപരിശോധന നടത്തണം.
വാഹന ഉടമകള്‍ക്ക് നിലവിലെ സര്‍ട്ടിഫിക്കറ്റ് തീരുന്നതിന് 10 ദിവസം മുന്‍പ് മുതല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാം. പുതിയ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി പഴയ സര്‍ട്ടിഫിക്കറ്റിലെ കാലാവധി അവസാനിക്കുന്ന ദിവസം മുതലാണ് ആരംഭിക്കുക. അതേസമയം, കാലാവധി കഴിഞ്ഞ ശേഷമാണ് പുകപരിശോധന നടത്തുന്നതെങ്കില്‍ പരിശോധന ദിവസം മുതലാണ് കാലാവധി കണക്കാക്കുക.
പുതിയ നിയമം നിലവില്‍ വന്നെങ്കിലും പഴയ സര്‍ട്ടിഫിക്കറ്റുകളിലെ കാലാവധി അവ അവസാനിക്കുന്നത് വരെ തുടരും. അതിന് ശേഷം മാത്രമേ പുതിയ നിയമമനുസരിച്ചുള്ള പരിശോധന നടത്തേണ്ടതുള്ളൂ.
കാലാവധി കൂടുതലുള്ള വാഹനങ്ങള്‍ക്ക് പുതിയതായി പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നേടുന്നതോടെ മാത്രമേ പുതിയ നിയമം ബാധകമാവുകയുമുള്ളൂ. അതായത്, നാല് വര്‍ഷം പഴക്കമുള്ള BS-VI കാറിന് നിലവില്‍ ഒരു വര്‍ഷമാണ് കാലാവധി. പുതിയ നിയമത്തില്‍ മൂന്ന് വര്‍ഷമാണ് കാലാവധി. നിലവിലെ ഒരു വര്‍ഷം കാലാവധി ഓട്ടോമാറ്റിക്കായി മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കില്ല. നിലവിലെ ഒരു വര്‍ഷ കാലാവധി കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് പുതുക്കുമ്പോഴാണ് മൂന്ന് വര്‍ഷ കാലാവധി ലഭിക്കുക.