Share this Article
News Malayalam 24x7
നെയിം സ്ലിപ്പുകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങളുമായി പൊലീസ്; തൃശൂർ റൂറലിൽ 'തൂഫാൻ' പദ്ധതിക്ക് തുടക്കമാകുന്നു
Thrissur Rural Police Launch Thoofan Anti-Drug Campaign in Schools

വിദ്യാർത്ഥികളെ ലഹരിവിപത്തിൽ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിൽ "തൂഫാൻ; ദ നാർക്കോ ഹണ്ട്" പദ്ധതിക്ക് രൂപം നൽകി. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശങ്ങളും പൊലീസിന്റെ വിവിധ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളും അടങ്ങിയ നെയിം സ്ലിപ്പുകൾ ജില്ലയിലെ 500 സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യും.

സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുന്ന നെയിം സ്ലിപ്പുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം മാള കോട്ടക്കൽ എസ്.സി.ജി.എച്ച്.എസ്.-ൽ വെച്ച് യുവജന ക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവ്വഹിക്കും.


കുട്ടികൾ പുസ്തകങ്ങളിൽ ഒട്ടിക്കുന്ന നെയിം സ്ലിപ്പുകളിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങൾ വീടുകളിലേക്കും രക്ഷിതാക്കളിലേക്കും നേരിട്ടെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.-ന്റെ ആശയത്തിലാണ് ഈ ജാഗ്രതാ കാമ്പയിൻ തയ്യാറാക്കിയിരിക്കുന്നത്. ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഒരുപോലെ സുരക്ഷാബോധം വളർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കുട്ടികളുടെ മാനസിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 'ചിരി' ഹെൽപ്പ് ലൈൻ നമ്പർ (9497900200), ചൈൽഡ്‌ലൈൻ നമ്പർ (1098), സൈബർ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഹെൽപ്പ്‌ലൈൻ നമ്പർ (1930), അടിയന്തര പൊലീസ് സഹായത്തിനുള്ള കൺട്രോൾ റൂം നമ്പർ (112), അഴിമതിക്കെതിരെയുള്ള വിജിലൻസ് പദ്ധതിയായ 'പ്രോജക്റ്റ് സീറോ'യുടെ ഹെൽപ്പ് ലൈൻ നമ്പറായ 1064 എന്നിവ ഈ നെയിം സ്ലിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


വിദ്യാലയങ്ങളെയും കലാലയങ്ങളെയും ലഹരിവിപത്തിൽ നിന്ന് പൂർണ്ണമായും മോചിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പങ്കാളികളാകാം. സ്കൂൾ പരിസരങ്ങളിലോ മറ്റ് പ്രദേശങ്ങളിലോ ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ പൊലീസിന്റെ 'YODHAV' (യോദ്ധാവ്) വാട്‌സ്ആപ്പ് നമ്പറായ 9995966666-ലേക്ക് വിവരങ്ങൾ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും നല്ലൊരു നാളേയ്ക്കായി എല്ലാവരും ഈ കാമ്പയിനോട് സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories