വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല്, ഏഴ് വയസ്സുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) അറിയിച്ചു.
നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവധിക്കാലം ചിലവഴിക്കാൻ കുട്ടികൾ തമിഴ്‌നാട്ടിലെ അമ്മവീട്ടിൽ പോയിരുന്നു. അതിനാൽ രോഗബാധയുടെ ഉറവിടം തമിഴ്‌നാടാണോ അതോ സ്വന്തം നാടായ വടക്കാഞ്ചേരിയാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ആരോഗ്യനിലയും നിരീക്ഷിച്ചു വരികയാണ്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വടക്കാഞ്ചേരി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നഗരസഭ ചെയർപേഴ്‌സൺ മിനി അരവിന്ദൻ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും കർശനമായി പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.