തൃശ്ശൂര്‍ കുന്നംകുളത്തെ മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റില്‍ പന്നികളില്‍ പന്നിപ്പനി.ഭോപ്പാലിലെ ലബോറട്ടറിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.ആശങ്ക വേണ്ടെന്നും മനുഷ്യരിലേക്കോ മറ്റു മൃഗങ്ങൾക്കോ പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ്. പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്ത് രോഗബാധിത നിയന്ത്രിത മേഖലകള്‍ പ്രഖ്യാപിച്ചു.രോഗബാധ മറ്റു ഫാമുകളിലേക്ക് പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു.രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി രോഗബാധിത മേഖലയായും 10 കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ മേഖലകളിൽ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതിനും മാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനത്തിനും നിയന്ത്രണമുണ്ടാകും. കൂടാതെ പന്നികളെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്നതും നിയന്ത്രിക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു. രോഗബാധ മറ്റ് ഫാമുകളിലേക്ക് വ്യാപിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത മേഖലയിലും നിരീക്ഷണ മേഖലയിലും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം.