കൊച്ചി: സിഎംആർഎൽ– എക്സാലോജിക് ഇടപാട് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചു കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ അപ്പീലിന്റെ അനുമതി അപേക്ഷ വിധി പറയാനായി മാറ്റി. സിംഗിൾ ബെഞ്ചിന് മുമ്പാകെ എത്തിയ ഹർജിയിൽ എതിർ കക്ഷി അല്ലാത്തതിനാലാണ് അപ്പീലിന് അനുമതി തേടിയത്.
അതേസമയം, സിഎംആർഎൽ-എക്സാലോജിക് കേസിലെ ഹർജിയിൽ പിണറായി വിജയൻ്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സ്വീകരിച്ചത്. കേസിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നുവെന്നും ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് അനുസരിച്ച് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തതായി സർക്കാരും ഇ.ഡിയും കോടതിയെ അറിയിച്ചു.