തിരുവനന്തപുരം: തിരുവോണ ദിനത്തിൽ വർക്കല മുത്താനയിൽ വാക്കേറ്റം കത്തിക്കുത്തിലെത്തി യുവാവ് കൊല്ലപ്പെട്ടു. മുത്താന സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. വർക്കല കല്ലമ്പലം അതിർത്തി പ്രദേശത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആണ് സംഭവം. മുത്താന കൊച്ചാരുംപൊയ്കയിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം സ്ഥലത്തെത്തി. തുടർന്ന് ഷിജുവുമായി വാക്കേറ്റം ഉണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരികൃഷ്ണൻ കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് പ്രിജുവിനെ കുത്തിയത്.
പ്രിജുവിൻ്റെ നെഞ്ചിൽ രണ്ടു കുത്തും പിൻഭാഗത്തായി ഒരു കുത്തും ഏറ്റിട്ടുണ്ട്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വർക്കല, കല്ലമ്പലം, അയിരൂർ, പള്ളിക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വർക്കല ഡിവൈഎസ്പിയും സ്ഥലത്തുണ്ട്.