കോട്ടയം: സര്‍വീസിനായി നല്‍കിയ സ്‌കൂട്ടര്‍ മാസങ്ങളായി തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് വൈദികന്റെ വ്യത്യസ്ത പ്രതിഷേധം. തോട്ടക്കാട് പള്ളി വികാരി ഫാ. ജോണ്‍സ് എബ്രഹാമാണ് മണിപ്പുഴയിലെ ഓല ഷോറൂമില്‍ കയറി മറ്റൊരു വാഹനം കൊണ്ടുപോയത്.ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനം സര്‍വീസിന് നല്‍കി നാളുകളേറെയായിട്ടും കിട്ടാതായതോടെയാണ് വികാരി പ്രതിഷേധവുമായി എത്തിയത്. കൃത്യമായ സ്‌പെയര്‍ പാര്‍ട്സുകള്‍ നല്‍കാത്തതിലും ഷോറൂമിന്റെ സേവനത്തിലെ വീഴ്ചയിലും പ്രകോപിതനായാണ് അദ്ദേഹം ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ടെസ്റ്റ് ഡ്രൈവിനായി വെച്ചിരുന്ന പുതിയ സ്‌കൂട്ടറുമായി അദ്ദേഹം മടങ്ങുകയായിരുന്നു.
തന്റെ വാഹനം തിരികെ നല്‍കുമ്പോള്‍ ഈ സ്‌കൂട്ടര്‍ തിരിച്ചേല്‍പ്പിക്കാമെന്നും, പ്രതിഷേധത്തിന്റെ ഭാഗമായി മാത്രമാണ് താനിത് ചെയ്യുന്നതെന്നും ഫാ. ജോണ്‍സ് എബ്രഹാം വ്യക്തമാക്കി.