ശമ്പളവര്‍ധന ആവശ്യപ്പെട്ട് മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലെ റോസ് ഗാര്‍ഡനിലെ തൊഴിലാളികളുടെ പ്രതിഷേധം. വര്‍ഷങ്ങളായി ആവശ്യം ഉന്നയിച്ചിട്ടും നടപടിയില്ലെന്ന് തൊഴിലാളികളുടെ ആരോപണം. ഇരുപതോളം തൊഴിലാളികളാണ് വനംവകുപ്പിന്റെ KFDC റോസ് ഗാര്‍ഡന് മുന്നില്‍ സൂചനാ സമരവുമായി രംഗത്തെത്തിയത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം അനിശ്ചിതകാലത്തേക്ക് നീളുമെന്ന് തൊഴിലാളികളുടെ മുന്നറിയിപ്പ്.
മുന്നാര്‍ മാട്ടുപ്പെട്ടി റോഡിലെ കെഎഫ്ടിസിയുടെ റോസ് ഗാര്‍ഡനിലെ തൊഴിലാളികള്‍ ആണ് സൂചനാ സമരവുമായി രംഗത്തെത്തിയത്.ഇരുപതോളം തൊഴിലാളികളാണ് ഒരു ദിവസത്തെ പണിമുടക്ക് നടത്തി റോസ് ഗാര്‍ഡന് മുന്നില്‍ പ്രതിഷേധിച്ചത്.നിലവില്‍ പ്രതിദിനം 578 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.ഇത് 1000 രൂപയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം.
വിനോദസഞ്ചാരികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള തങ്ങളുടെ ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം.
എല തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനമാണ് നിലവില്‍ തങ്ങള്‍ക്ക് ലഭിക്കുന്നത്.എന്നാല്‍ ടൂറിസം മേഖലയിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് ടൂറിസം രംഗത്തെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.ശമ്പള വര്‍ധന ആവശ്യപ്പെട്ട് നേരത്തെ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എന്നാല്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്.ഇനിയും ശമ്പള വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്.അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് തൊഴിലാളികള്‍.