കോഴിക്കോട്: അറുപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കായികമേള അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക്ക് കിരീടം. പാലക്കാടിൻ്റെ വെല്ലുവിളി മറികടന്ന് 204 പോയിൻ്റുമായാണ് മലപ്പുറം ചാമ്പ്യന്മാരായത്. 19 സ്വർണം അടക്കം 204 പോയിൻ്റോടെയാണ് മലപ്പുറത്തിൻ്റെ കിരീടനേട്ടം. ഗെയിംസിലും അക്വാട്ടിക്സിലും മേധാവിത്തം തുടർന്ന തിരുവനന്തപുരം തുടരെ രണ്ടാം തവണയും ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കി. സ്കൂളുകളിൽ ഐഡിയൽ കടകശേരി തുടരെ അഞ്ചാം തവണയും എതിരാളികളില്ലാതെ മുന്നേറി.14 ജില്ലകളിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി ആയിരക്കണക്കിന് കായികതാരങ്ങളാണ് ഇത്തവണ കായികമേളയിൽ പങ്കെടുത്തത്. 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് സ്വന്തമാക്കാൻ ആവേശകരമായ മത്സരമാണ് താരങ്ങൾ കാഴ്ചവെച്ചത്. ഈ വർഷം കായികമേളയിൽ എട്ട് മീറ്റ് റെക്കോർഡുകളാണ് പിറന്നത്.
കായികമാമാങ്കത്തിൽ കണ്ടത് മലപ്പുറം പാലക്കാട് ജില്ലകളുടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മിന്നും പ്രകടനവുമായി ആലപ്പുഴയും കളം നിറഞ്ഞപ്പോൾ അത്‌ലറ്റിക്സിൽ അവസാനദിനം വരെ ആകാംഷ നിറഞ്ഞു നിന്നു. തിരുവനന്തപുരം മേളയിൽ അവസാനിപ്പിച്ചത് കോഴിക്കോടും തുടർന്ന് മലപ്പുറം. 204 പോയിൻ്റുമായി പാലക്കാടിനെ ബഹുദൂരം പിന്നിലാക്കി ആയിരുന്നു ഹാട്രിക് കിരീടം.
19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറം നേടി. അവസാന നിമിഷം വരെ പൊരുതിയ പാലക്കാട് 161 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. സ്പോർട്സ് സ്കൂളുകളുടെ പിന്തുണ ഉള്ള തിരുവനന്തപുരത്തെ മറികടന്ന് ആലപ്പുഴ മൂന്നാം സ്ഥാനത്ത് എത്തിയതും ശ്രദ്ധേയമായി. ആലപ്പുഴ 109ഉം തിരുവനന്തപുരം 96ഉം പോയിൻ്റ് നേടി.
തുടർച്ചയായ അഞ്ചാം തവണയും അത്‌ലറ്റിക്സിൽ മികച്ച സ്കൂളെന്ന അംഗീകാരം മലപ്പുറം കടകശേരിയിലെ ഐഡിയൽ നിലനിർത്തി. ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികവ് തെളിയിച്ചാണ് ഐഡിയൽ കടകശേരിയുടെ കുട്ടികൾ മലപ്പുറത്തിന് കരുത്തായത്. നാവാമുകുന്ദ സ്കൂളിൻ്റെ അഭാവത്തിലും മീറ്റിൽ ആധിപത്യം തുടരാൻ മലപ്പുറത്തിന് ഐഡിയൽ ശക്തമായ പിന്തുണയായി. എട്ട് സ്വർണം അടക്കം 75 .3 പോയിന്റുമായാണ് ഐഡിയൽ കടകശേരി അത്‌ലറ്റിക്സിൽ മികച്ച സ്കൂളിനുള്ള കിരീടം ഉറപ്പിച്ചത്.