വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമം. മലപ്പുറം പറവണ്ണയിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച ശേഷം അമിത വേഗതയിൽ കടന്നു കളഞ്ഞത്.
തിരൂർ കൊടക്കൽ ഭാഗത്ത് വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും കാർ നിർത്താതെ മുന്നോട്ട് പോയി. തുടർന്ന് തിരൂർ പറവണ്ണ ഭാഗത്ത് വെച്ച് വീണ്ടും കൈ കാണിച്ചപ്പോഴാണ് ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ശേഷം വിദ്യാർത്ഥികൾ വാഹനം ഓടിച്ചു പോയത്.
നിയമലംഘനം നടത്തി പാഞ്ഞ കാർ രൂപമാറ്റം വരുത്തിയതാണെന്നും (മോഡിഫൈ ചെയ്തത്) ഇതിന്റെ രജിസ്ട്രേഷൻ കാലാവധി നേരത്തെ തന്നെ പൂർത്തിയായതാണെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ നിലവിൽ ലഭ്യമാണ്. ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ ശ്രമിച്ച വിദ്യാർത്ഥികളെയും വാഹനവും കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണം മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.