Share this Article
News Malayalam 24x7
മന്ത്രി വീണാ ജോർജിന്റെ കയ്യിൽ മുറിവ്,കഴുത്തിലും പരിക്ക്; മന്ത്രി ICUവിൽ; ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന് വീണാ ജോര്‍ജ്
വെബ് ടീം
posted on 25-02-2026
1 min read
cm

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്റെ കയ്യിൽ മുറിവും  കഴുത്തിനു പരിക്കും. മന്ത്രിയെ കണ്ണൂർ ജില്ലാ  ആശുപത്രിയിലേക്ക് മാറ്റി.മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി  വീണാ ജോർജിനെ ഫോണിൽ ബന്ധപ്പെട്ടു. കോൺഗ്രസിന്റെ ഹീനമായ രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു 

മന്ത്രി കാറിൽ നിന്നിറങ്ങി  കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ ആണ് സംഭവം.മന്ത്രി ഒരുവശത്തുകൂടി കടന്നുപോകുമ്പോള്‍ മന്ത്രിക്കുനേരെ പ്രതിഷേധക്കാര്‍ തള്ളിക്കയറി വരികയായിരുന്നു. സ്പീക്കറും റയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. മന്ത്രിയെ സമരക്കാര്‍ ആക്രമിച്ചെന്ന് സ്പീക്കറും പറഞ്ഞു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ മര്‍ദിച്ചെന്ന് വീണാ ജോര്‍ജ് പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം:

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണ്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. 

അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല -ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. 

പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.  

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുക.

തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്. 

ഇതിൻറെ ഉത്തരവാദിത്വം കോൺഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു ആക്രമികളിലൂടെ പുറത്തുവന്നത്.

ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories