Share this Article
News Malayalam 24x7
വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു
വെബ് ടീം
posted on 21-04-2026
1 min read
ADAM

കൊച്ചി: വിനോദയാത്രയ്ക്കിടെ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ ആണ് വച്ചാണ് അപകടം.ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം.അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എത്തിയ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന്‍ മുഹമ്മദ് ആദം (5) ആണ് മരിച്ചത്.

നഗരത്തിലെ പ്രമുഖ പ്രീസ്കൂളിലെ വിദ്യാർഥിയായിരുന്നു. സംസാരവൈകല്യമുള്ള ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയാണ്. വിദേശത്തുള്ള മുഹമ്മദ് നസീറിനെ ദുരന്തവിവരം അറിയിച്ചിട്ടുണ്ട്.സ്കൂളിന്റെ പാലാരിവട്ടത്തെയും മാമലയിലേയും കേന്ദ്രങ്ങളിൽ നിന്നുള്ള 25 കുട്ടികളാണ് അധ്യാപകർക്കൊപ്പം പാർക്കിലെത്തിയത്. ഇതിനു മുമ്പും കുട്ടികളുമൊത്ത് അധ്യാപകർ ഇവിടെ വന്നിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി പാര്‍ക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാൽ ഒരു അധ്യാപികയുടെ കൈയിലായിരുന്നു ആദം. കുട്ടി ഇറങ്ങി ഓടുന്നതു കണ്ടതോടെ അധ്യാപിക ആദത്തെ നിലത്തു നിർത്തി ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി. ആ കുട്ടിയുമായി തിരികെ എത്തി എല്ലാവർക്കും ഭക്ഷണം നൽകി. ആദം മുറിയിൽ ഉണ്ടെന്ന ധാരണയിലായിരുന്നു ഇത്. തുടർന്ന് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് പാര്‍ക്കിന്റെ പിന്നിലായുള്ള ചാലിലെ വെള്ളത്തിനടിയിൽ ആദത്തിന്റെ ടീഷർട്ടിന്റെ നിറം കണ്ട് തിരിച്ചറിയുന്നത്. ഉടൻ പാർക്കിലെ ജീവനക്കാരിലൊരാൾ മുങ്ങി ആദത്തെ പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകി. തുടർന്ന് പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ഒരു മണിക്കൂറോളം ഡോക്ടർമാർ ജീവൻ വീണ്ടെടുക്കാൻ പരിശ്രമിക്കുകയും ചെയ്തു. എന്നാൽ 3.17ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories