Share this Article
News Malayalam 24x7
വിൽപ്പനയില്ല, ചട്‌നി ഉണ്ടാക്കാൻ വളർത്തി; ഫ്‌ളാറ്റിൽ കഞ്ചാവ് തോട്ടം, ഐടി ജീവനക്കാരൻ പിടിയിൽ
വെബ് ടീം
posted on 02-06-2026
1 min read
DRUG

തിരുവനന്തപുരം: ശ്രീകാര്യത്ത് വന്‍ 'കഞ്ചാവ് ചെടി വേട്ട'. ഫ്‌ളാറ്റില്‍ വളര്‍ത്തിയ 70 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഹരിയാന സ്വദേശിയായ ഐടി ജീവനക്കാരന്റെ ഫ്‌ളാറ്റിലാണ് ചെടികള്‍ കണ്ടെത്തിയത്. ചര്‍ക്കിദ്രതി വിശാല്‍ എന്നയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ശ്രീകാര്യം പൊലീസ് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പേപ്പര്‍ ട്രേയിലുമായിരുന്നു ചെടികള്‍ വളര്‍ത്തിയത്. ഉപയോഗത്തിന് ശേഷം കഞ്ചാവിന്റെ വിത്തുകള്‍ നട്ടുവളര്‍ത്തുകയായിരുന്നു പ്രതി. മുറിയില്‍ നടത്തിയ പരിശോധനയില്‍ 19 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് ശ്രീകാര്യം പൊലീസ് വിശാലിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്.

ഇരുപത്തിയാറുകാരനായ വിശാല്‍ ഒന്നരലക്ഷം രൂപ മാസശമ്പളമുളള ഐടി കമ്പനി മാനേജറാണ്. ഫ്‌ളാറ്റില്‍ ചെടിച്ചട്ടികള്‍ വാങ്ങി കംപോസ്റ്റും മണ്ണും നിറച്ചാണ് കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്. മൂപ്പെത്താത്ത ചെടികള്‍ താന്‍ ചട്‌നിയുണ്ടാക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് വിശാല്‍ പൊലീസിനോട് പറഞ്ഞു. പാലില്‍ അരച്ചുചേര്‍ത്തും കുടിക്കുമായിരുന്നു. മൂപ്പേറിയ ചെടികള്‍ താന്‍ ഉപയോഗിക്കാറില്ലെന്നും പൊലീസിനോട് വിശാല്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories