കൊണ്ടോട്ടി: മിക്സ്ചർ കഴിക്കുന്നതിനിടെ തൊണ്ടയിൽ കടല കുടുങ്ങി മൂന്നുവയസുകാരന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടിയിൽ ആണ് ദാരുണ സംഭവം. ചെങ്ങാനി വെള്ളക്കാടൻ മുനീർ-ഫർസീന ദമ്പതികളുടെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. വീട്ടിലിരുന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം ബേക്കറി പലഹാരം കഴിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
മിക്സ്ചർ കഴിക്കുന്നതിനിടെ അതിലെ കടല അപ്രതീക്ഷിതമായി കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ഖബറടക്കം പൂർത്തിയായി.