മാള : കാണാതായ അച്ഛനെയും മൂന്ന് മക്കളെയും മാള പൊലീസിന്റെ ഇടപെടൽ കൊണ്ട് മണിക്കൂറുകൾക്കകം കണ്ടെത്തി ശുഭപര്യവസാനം. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അച്ഛനെയും 11, 9, 6 വയസ് പ്രായമുള്ള മൂന്ന് മക്കളെയും ആണ് കണ്ടെത്തിയത്.രാവിലെ വീട്ടിൽ നിന്നിറങ്ങിയ നാലുപേരും വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. റൂറൽ എസ്.പി. മുഹമ്മദ് നദിമുദീന്റെയും ഡിവൈ.എസ്.പി. സന്തോഷ് കുമാറിന്റെയും മേൽനോട്ടത്തിൽ മാള പോലീസ് അടിയന്തരമായി അന്വേഷണം ഏറ്റെടുത്തു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ബന്ധുക്കളോടും നാട്ടുകാരോടും ഗോവയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇവർ വീടുവിട്ടതെന്ന് പോലീസ് കണ്ടെത്തി. എന്നാൽ അത് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് പിന്നീട് വ്യക്തമായി. സൈബർ ട്രാക്കിങ്ങിന്റെയും മറ്റ് രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഇവർ ആദ്യം ആലപ്പുഴയിലെ കൃപാസനത്തിൽ എത്തിയതായും പിന്നീട് എറണാകുളം ജില്ലയിലെ പിറവത്തേക്ക് പോയതായും മാള കണ്ടെത്തി.ഇതോടെ മാള പൊലീസ് ഉടൻ തന്നെ പിറവം പോലീസുമായി ബന്ധപ്പെട്ടു. തുടർന്ന് പിറവം സി.ഐ. മഹേഷിന്റെയും സംഘത്തിന്റെയും മാള പോലീസിന്റെയും സംയുക്ത നീക്കത്തിലൂടെ മണിക്കൂറുകൾക്കകം അച്ഛനെയും മൂന്ന് മക്കളെയും സുരക്ഷിതരായി കണ്ടെത്തുകയായിരുന്നു.