കൊച്ചി: കൊച്ചി മെട്രോയിൽ പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ സർവിസുകളുടെ എണ്ണം വർധിപ്പിച്ച് കൊച്ചി മെട്രോ. ഈ സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ്, നാളെ മുതൽ (ജൂലൈ 22) കൂടുതൽ സർവിസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
രാവിലെ 8.00 മുതൽ 10.00 വരെയും, വൈകീട്ട് 4.00 മുതൽ 7.00 വരെയുമുള്ള പീക്ക് അവേഴ്സിൽ ട്രെയിനുകൾ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളകളിൽ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ സമയങ്ങളിൽ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവിസുകൾ കൂടി പുതുതായി ആരംഭിക്കും.തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലെ തിരക്ക് കുറക്കാനും യാത്ര കൂടുതൽ സുഗമമാക്കാനുമാണ് ഈ ക്രമീകരണം. കഴിഞ്ഞ മൂന്ന് മാസമായി മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ സ്ഥിരമായ വർധന രേഖപ്പെടുത്തിയിരുന്നു.
ഈ പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാർക്ക് സ്റ്റേഷനുകളിൽ ട്രെയിനിനായി കാത്തുനിൽക്കുന്ന സമയം ഗണ്യമായി കുറക്കാൻ സാധിക്കും. അതേസമയം, അധിക സർവിസുകൾ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.