രാത്രികാലങ്ങളിൽ വെള്ള വസ്ത്രവും നിസ്കാര കുപ്പായവും ധരിച്ചെത്തുന്ന മോഷ്ടാവ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്ന് ഭാഗത്താണ് മോഷ്ടാവിന്റെ ശല്യം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു പള്ളിയിൽ നിന്ന് ബാറ്ററിയും സമീപത്തെ വീടുകളിൽ നിന്ന് റബ്ബർ ഷീറ്റുകളും മോഷ്ടിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് മലാംകുന്ന് സ്വദേശിയായ ഷിഹാബിന്റെ വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഇയാൾ രാത്രികാലങ്ങളിൽ വീടുകൾക്ക് ചുറ്റും നടക്കുന്നത്.
ഇത്തരത്തിൽ സമാനമായ രീതിയിലുള്ള മോഷണങ്ങൾ പ്രദേശത്ത് മുൻപും നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാവിനെ എത്രയും വേഗം പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.