മലപ്പുറം പോത്തുകല്ല് അപ്പൻകാപ്പ് നഗറിൽ സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏട്ടപ്പാറ ഉന്നതി സ്വദേശിനിയായ നിഷയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൂടെ താമസിച്ചിരുന്ന സുരേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ബുധനാഴ്ച രാത്രിയിൽ പ്രദേശത്ത് മീൻ പിടിക്കാൻ പോയ ചില യുവാക്കൾ, സമീപത്തുനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നിഷയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹത്തിന് ഏതാണ്ട് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട നിഷയും കസ്റ്റഡിയിലുള്ള സുരേഷും ഒരുമിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർ തമ്മിൽ ചില വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. മുൻപ് മറ്റൊരു സ്ത്രീയുമായി സുരേഷിന് ബന്ധമുണ്ടായിരുന്നു. ആ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയാണ്. ഈ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന സുരേഷ്, ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു.