Share this Article
News Malayalam 24x7
പാലിയേക്കരയിൽ ടോൾ ഉയർത്താൻ തീരുമാനം; നീക്കം ഹൈക്കോടതി വിലക്ക് നിലനിൽക്കെ
Paliyekkara Toll Plaza

ഹൈക്കോടതിയുടെ വിലക്ക് നിലനിൽക്കെ തൃശൂർ  പാലിയേക്കര ടോള്‍പ്ലാസയിലെ ടോള്‍ നിരക്ക് ഉയർത്താൻ തീരുമാനം. ഇതു സംബന്ധിച്ച അറിയിപ്പ് കരാര്‍ കമ്പനി പ്രസിദ്ധീകരിച്ചു.  ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.സെപ്റ്റംബര്‍ ഒന്നുമുതല്‍ പിരിക്കേണ്ട പുതിയ നിരക്കിനാണ് എന്‍എച്ച്എഐ അനുമതി നല്‍കിയിരിക്കുന്നത്. 2 ദിവസത്തിനകം ടോള്‍ കരാര്‍ കമ്പനി ഹൈക്കോടതിയുടെ അനുമതി നേടിയാൽ ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയേക്കും. 


10 മുതല്‍ 35 രൂപ വരെയാണ് പുതുക്കിയ ടോള്‍ നിരക്ക്. ദേശീയപാതയിലെ ഗതാഗതക്കുരുക്കുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. പിന്നീട് ടോള്‍ പിരിവ് പുനസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വര്‍ധന തടയുകയും ചെയ്തു. അതിനാല്‍ 2024ലെ ടോള്‍ നിരക്കാണ് പാലിയേക്കരയില്‍ ഇപ്പോഴും പിരിച്ചുകൊണ്ടിരിക്കുന്നത്.  

ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ കാറുകള്‍ക്ക് നിലവിലെ നിരക്കിനേക്കാള്‍ 10 ശതമാനത്തിലേറെ കൂടുതല്‍ തുക നല്‍കേണ്ടിവരും. ഒരു ഭാഗത്തേക്ക് കാറുകള്‍ക്ക് 90 രൂപയുണ്ടായിരുന്നത് 100 രൂപയാകും. ദിവസം ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 140 രൂപയായിരുന്നത് 145 രൂപയാകും. ചെറുകിട വാണിജ്യവാഹനങ്ങള്‍ക്ക് 160 രൂപയായിരുന്നത് 170 രൂപയാകും. ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 240 രൂപയായിരുന്നത് 255 ആയി. ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒരു ഭാഗത്തേക്ക് 320 രൂപയുണ്ടായിരുന്നത് 345ഉം ഒന്നില്‍കൂടുതല്‍ യാത്രകള്‍ക്ക് 485 ആയിരുന്നത് 515രൂപയുമായി. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു യാത്രക്കുണ്ടായിരുന്ന 515 രൂപയെന്ന് 550ഉം ഒന്നില്‍കൂടുതല്‍ യാത്രയ്ക്ക് 775 രൂപയെന്നത് 825 രൂപയുമായി.

അടിസ്ഥാന ടോള്‍ നിരക്കിന്റെയും രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്.  സെപ്റ്റംബര്‍ ഒന്നു മുതലുള്ള പുതിയ നിരക്ക് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തിലും ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ പ്രാബല്യത്തിലാക്കൂവെന്നും സൂചിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories