ചാലക്കുടി: അടുക്കളയിൽ പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി വീട്ടമ്മ ജീവനൊടുക്കി. മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.
ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു മിനു. ഇവരുടെ ഭർത്താവ് ജിബിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ ഭർതൃമാതാവിനൊപ്പം ആശുപത്രിയിൽ പോയി തിരിച്ചെത്തിയതായിരുന്നു മിനു. വീട്ടിലെത്തിയ ഉടൻ ഇവർ അടുക്കളയിലേക്ക് കയറി. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുകാണാതായതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് അടുക്കളയിൽ നിന്ന് പുക ഉയരുന്നതും തീ ആളിപ്പടരുന്നതും കണ്ടത്.
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ മിനു സംഭവസ്ഥലത്തുതന്നെ മരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)