തിരുവാങ്കുളം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ചെണ്ടമേളം അവതരിപ്പിക്കാനെത്തിയ പന്ത്രണ്ടുവയസ്സുകാരൻ ക്ഷേത്രത്തിനു സമീപത്തെ കട്ടച്ചിറ തോട്ടിൽ മുങ്ങിമരിച്ചു. തൃപ്പൂണിത്തുറ കണ്ണംകുളങ്ങര സ്വദേശിയായ സിദ്ധു(സിദ്ധേശ്വർ 12)ആണ് മരിച്ചത്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ചെണ്ടമേള സംഘത്തോടൊപ്പമാണ് സിദ്ധുവും എത്തിയത്. മേളം കഴിഞ്ഞ് സംഘത്തിലെ2 സുഹൃത്തുക്കളോടൊപ്പം ക്ഷേത്രത്തിനു സമീപമുള്ള കട്ടച്ചിറ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ സിദ്ധു ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവധി ദിവസങ്ങളിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് കട്ടച്ചിറ തോട് സന്ദർശിക്കാൻ എത്തുന്നത്.നാട്ടുകാരുടെ നേതൃത്വത്തിൽ തോട്ടിൽ അപകട സാധ്യത മുന്നിൽ കണ്ട് മുന്നറിയിപ്പ് ബോർഡുകൾ ഉൾപ്പെടെ നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.എന്നിട്ടും നീന്തലറിയാത്ത കുട്ടികൾ ഉൾപ്പെടെ പത്തോളം പേർ ഇവിടെ മുങ്ങി മരിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ കാവിൽ സുന്ദരമാരാരുടെ ശിഷ്യനായിരുന്നു സിദ്ധേശ്വർ. കഴിഞ്ഞ നാലുവർഷത്തോളമായി മേളം അഭ്യസിച്ചുവരികയായിരുന്നു. ചെണ്ടമേളത്തിൽ ഇലത്താളമായിരുന്നു സിദ്ധേശ്വർ കൈകാര്യം ചെയ്തിരുന്നത്. മാതാപിതാക്കളോടും ജ്യേഷ്ഠൻ രോഹിത്തിനുമൊപ്പമാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചോറ്റാനിക്കരയിലെത്തിയത്.
മേളം കഴിഞ്ഞ് ആറുപേരടങ്ങുന്ന സംഘം ക്ഷേത്രത്തിനു സമീപത്തെ കട്ടച്ചിറ തോട്ടിൽ കുളിക്കാനിറങ്ങി. ആഴം കുറഞ്ഞ ഭാഗത്തുനിന്ന് മറുകരയിലേക്ക് നടക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ധേശ്വറിന്റെ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. നീന്തൽ അറിയാത്ത കുട്ടികളായിരുന്നു സംഘത്തിലുണ്ടായിരുന്ന സിദ്ധേശ്വറും രോഹിത്തും ആഞ്ജനേയനും.
കട്ടച്ചിറ തോട്ടിൽ പാലം നിർമിക്കാൻ പഞ്ചായത്ത് 40ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 6 ലക്ഷവും അനുവദിച്ചിരുന്നു. നിർമാണത്തിന്റെ ഭാഗമായി തോട് പൊളിച്ചിട്ടിരിക്കുകയായിരുന്നു. കാലാവസ്ഥ മാറ്റവും അപ്രതീക്ഷിത മഴയും വെള്ളപ്പൊക്കത്തെയും തുടർന്ന് നിർമാണപ്രവർത്തനങ്ങൾ നിലച്ചതോടെ തോട്ടിൽ ചെളി അടിഞ്ഞുകൂടി. തോടിന് അധികം ആഴമില്ലാതിരുന്നിട്ടും ചെളി നിറഞ്ഞ അടിത്തട്ടും തോടിന്റെ നിലവിലെ അവസ്ഥയും അപകടസാധ്യത വർധിപ്പിച്ചതായാണ് നാട്ടുകാർ പറയുന്നത്. തോട് സുരക്ഷിതമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. തോട് പൊളിച്ചിട്ടിരിക്കുന്നതുകൊണ്ട് രണ്ട് വർഷമായി അറുപതിലധികം ഏക്കറോളം പാടത്തെ നെൽകൃഷിയും നിലച്ചിരിക്കുകയാണ്.