പത്തനംതിട്ട: പുളിക്കീഴിലെ ചതുപ്പിൽ മൂന്ന് വർഷം മുൻപ് കൈപ്പത്തിയും കാലും ഇല്ലാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. നാടോടി സ്ത്രീയായ കുട്ടിയുടെ അമ്മ അറസ്റ്റിലായി. അമ്മയുടെ കാമുകനായി പോലീസ് തിരച്ചിൽ തുടരുന്നു.2023 ൽ ആണ് പത്തനംതിട്ട പുളിക്കീഴിൽ ചതുപ്പിൽ കുഞ്ഞിന്റെ കയ്യില്ലാത്ത മൃതദേഹം കണ്ടെത്തിയത്. സമാനമായ കാണാതാകൽ കേസുകൾ ഒന്നും കിട്ടാത്തത് കൊണ്ട് അന്വേഷണം മരവിച്ചു. ഇതിനിടെ പാലക്കാട് മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തിയ കേസ് ആണ് പത്തനംതിട്ടയിലെ കുട്ടിയുടെ കേസിൽ വഴിത്തിരിവു ആകുന്നത്. നാടോടികൾ കൂട്ടമായി താമസിക്കുന്ന ഇടത്ത് ഉണ്ടായ വഴക്കാണ് കുട്ടിയുടെ കൊലപാതകം തെളിയാൻ കാരണമായത്. വഴക്കിനിടയിൽ കുട്ടിയെ കൊന്ന കാര്യം പുറത്ത് ആയി. ഇത് പിന്നീട് പോലീസിനു മുന്നിൽ എത്തി. നാടോടികൾ ആയത് കൊണ്ട് തന്നെ ഇവർക്ക് പ്രത്യേക മേൽവിലാസം ഇല്ലായിരുന്നു. കേരളത്തിൽ പല ഇടങ്ങളിലായി പഴയ സാധനങ്ങൾ ശേഖരിച്ചു ഉപജീവനം നടത്തുന്ന കൂട്ടം ആണ്. ആലപ്പുഴയിൽ എത്തിയപ്പോഴാണ് കുട്ടിയുടെ അമ്മ കാമുകനെ കണ്ടുമുട്ടുന്നത്. ഇതോടെ ഇവർ ആലപ്പുഴയിൽ നിന്നു ചങ്ങനാശ്ശേരിയിലെത്തി. ഇവിടെവെച്ച് കുട്ടിയുടെ അമ്മയും കാമുകനും ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നതിനിടയിൽ കുട്ടി കരഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണം. കാമുകൻ കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഇയാളുടെ സഹോദരനെ വിളിച്ചുവരുത്തി.
മൃതദേഹം പത്തനംതിട്ട പുളിക്കീഴിൽ എത്തിച്ചു. മൃതദേഹം ചതുപ്പ് നിലത്തിൽ കുഴിയെടുത്ത് മൂടുകയായിരുന്നു. രണ്ടുദിവസങ്ങൾക്കു ശേഷം ദുർഗന്ധം വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് കൈപ്പത്തിയും കാലും ഇല്ലായിരുന്നു. കേസിൽ പരാതിയോ മിസ്സിങ് കേസുകളോ രജിസ്റ്റർ ചെയ്യാഞ്ഞതിനാൽ പോലീസിന് മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ലാത്തതിനാൽ കേസ് വഴിമുട്ടി. കഴിഞ്ഞദിവസം ഈ കേസ് വന്നതോടെ പാലക്കാട് പോലീസ് അന്വേഷിച്ചു വന്നപ്പോഴാണ് കുട്ടിയുടെ മരണവുമായി സാമ്യം ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അമ്മ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടിയുടെ അമ്മയുമായി മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് തെളിവെടുപ്പ് നടത്തി. കാമുകനായി തെരച്ചിൽ തുടരുന്നു.