Share this Article
News Malayalam 24x7
ആൻസി സോജന് തൃശ്ശൂർ സ്പോർട്സ് കൗൺസിൽ നൽകുന്ന സ്വീകരണത്തിൽ നിന്ന് തന്നെ ഒഴിവാക്കി, രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് രാജൻ.ജെ.പല്ലൻ എംഎൽഎ; എംഎൽഎയുടെ പ്രസ്താവന ബാലിശം, രാഷ്ട്രീയ പ്രേരിതമെന്നും തൃശൂർ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
വെബ് ടീം
5 hours 29 Minutes Ago
1 min read
ANCY

തൃശൂർ: ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവ് ആൻസി സോജന് തൃശ്ശൂർ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 21ന് 2 മണിക്ക് തൃശ്ശൂർ ഇന്റോർ സ്റ്റേഡിയത്തിൽ നൽകുന്ന സ്വീകരണ പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കി രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് രാജൻ.ജെ.പല്ലൻ എം.എൽ.എ. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിലും ഈ പരിപാടി നടക്കുന്ന  ഇൻഡോർ സ്റ്റേഡിയവും നിലനിൽക്കുന്ന പ്രദേശത്തെ എംഎൽഎയാണ് താൻ. കായീകരംഗത്തെ പ്രോത്സാഹിപ്പിക്കേണ്ട ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണാധികാരികൾ സ്പോർട്സ് കൗൺസിലിനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല, ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. തൃശ്ശൂർ ജില്ലയുടെ ചാർജുള്ള കായിക വകുപ്പ് മന്ത്രി ഓ ജെ ജനീഷിന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകും. 

ഇതിന്റെ മറ്റൊരു വശം തൃശ്ശൂർ പൗരാവലി ബഹു മേയറുടെ നേതൃത്വത്തിൽ ഏഷ്യൻ ഗെയിംസിന്റെ ജേതാക്കൾക്ക് ഇതേസമയം തന്നെ ഗംഭീര സ്വീകരണം ഒരുക്കിയിരിക്കുകയാണ്. ആ സ്വീകരണത്തിന്റെ മാറ്റു കുറക്കാനാണ് അതേസമയം തന്നെ സ്വീകരണ പരിപാടികൾ വച്ചത് എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും രാജൻ.ജെ.പല്ലൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേ സമയം കായികതാരത്തിന് ആദരവും പാരിതോഷികവും നൽകുന്ന സ്വീകരണയോഗത്തിൽ നിന്ന് എംഎൽഎയെ ഒഴിവാക്കിയെന്ന പ്രസ്താവന ബാലിശവും രാഷ്ട്രീയ പ്രേരിതവുമെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് പ്രതികരിച്ചു.സ്പോർട്സ് കൗൺസിൽ ഒരു പ്രാദേശിക സ്ഥാപനമല്ല.ജില്ലയെ മൊത്തം പ്രതിനിധീകരിക്കുന്ന സംവിധാനമാണ്.ജില്ലയിലെ വിവിധ ജനപ്രതിനിധികളെ വിവിധ പരിപാടികൾക്ക് മറ്റിതര താത്പര്യങ്ങൾക്കതീമായി ക്ഷണിക്കാറുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് സ്പോർട്ട്സ് കൗൺസിൽ ആസ്ഥാനത്തു നടന്ന സിവിൽ മീറ്റ് ഉത്ഘാടനം ചെയ്തത് രാജൻ പല്ലനാണ്.സ്പോർട്സ്  കൗൺസിൽ സംഘടിപ്പിച്ച വേൾഡ് കപ്പ് വരവേല്പ് പരിപാടി ഉത്‌ഘാടനം ചെയ്തത് രാജൻ പല്ലൻ എംഎൽഎയാണ്.ഒക്ടോബർ 13 ന്  സംസ്ഥാന കായിക ദിനം ഉദ്ഘാടനം ചെയ്തത് എംഎൽഎയുടെ തന്നെ രാഷ്ട്രീയത്തോടൊപ്പമുള്ള തൃശൂർ മേയർ നിജി ജസ്റ്റിൻ ആണ്. ഇതുകൂടാതെ മറ്റു രണ്ടോ മൂന്നോ പരിപാടിക്കു കൂടി എംഎൽഎയെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹ തിരക്കിലായിരുന്നു. എംഎൽഎ ആരോപിച്ചപോലെ രാഷ്‌ട്രീയം കളിക്കാനായിരുന്നെങ്കിൽ  ഈ പരിപാടികൾക്കൊന്നും അദ്ദേഹത്തെ വിളിക്കേണ്ടിയിരുന്നില്ലല്ലോ. ഈ ആദരവ് പരിപാടി നടക്കുമ്പോൾ മന്ത്രിയും എംഎൽഎയും പങ്കെടുക്കുന്ന ഒരേ കായികതാരത്തെ ആദരിക്കുന്ന മറ്റൊരു പരിപാടി ഇതേ സമയം തൃശൂർ ടൗണിൽ നടക്കുന്നുമുണ്ട്. ആ പരിപാടി ആസൂത്രണം ചെയ്ത എംഎൽഎയുടെ പാർട്ടി ഭരിക്കുന്ന കോർപ്പറേഷൻ എന്തുകൊണ്ടാണ് സ്പോർട്ട്സ് കൗൺസിലിനെ മാത്രം മാറ്റി നിർത്തിയതെന്ന് ഈ ബാലിശ ആരോപണം ഉന്നയിക്കുന്ന എംഎൽഎ അന്വേഷിക്കുന്നത് നന്ന്.ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത, 1954 മുതൽ പ്രവർത്തിക്കുന്ന സ്പോർട്ട്സ് കൗൺസിലിനെ തന്നെ ഇല്ലാതാക്കാൻ എംഎൽഎയും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കക്ഷിയും ശ്രമിക്കുന്നത് സങ്കുചിതരാഷ്ട്രീയ താത്പര്യം മുൻനിർത്തിയാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. ഇതിനെ സംബന്ധിച്ച് എലിയെ പിടിക്കാൻ ഇല്ലം ചുടരുതെന്നാണ് അദ്ദേഹത്തിൻ്റെ പാർട്ടികാരനായ മുൻ കായിക മന്ത്രി പന്തളം സുധാകരൻ ഉപദേശിച്ചതെന്നു കൂടി രാജൻ പല്ലൻ ഓർക്കുന്നത് നന്ന്.

എഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ , ജില്ലക്ക് അഭിമാനമായ, ഒരു മഹത് കായിക താരത്തിന് സ്വീകരണം കൊടുക്കുന്നതിനെ പോലും സങ്കുചിത രാഷ്ട്രീയ മനോഭാവത്തോടുകൂടി കാണുന്നത് തെറ്റാണെന്നും തിരുത്തണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയാണ്.

സ്പോർട്സ്  കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നത് പത്മശ്രീ ഐ എം വിജയനാണ്. മറ്റൊരാൾ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയാണ്. അദ്ദേഹം പങ്കെടുക്കുന്നത് എംഎൽഎയെന്നതിനേക്കാളുപരി സ്പോർട്സ്   കൗൺസിൽ അംഗമെന്ന നിലയിലും കൗൺസിലിൻ്റെ ഭാഗമായ യോഗ അസോസിയേഷൻ പ്രസിഡണ്ട് എന്ന നിലയിലുമാണ്. എല്ലാ അസോസിയേഷൻ ഭാരവാഹികളേയും പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുമുണ്ട്. ബാക്കി ആ പരിപാടിയിൽ ഒരു രാഷ്ട്രീയപ്രവർത്തകരെയും ഞങ്ങളാരും വിളിച്ചിട്ടില്ല. തികച്ചും ഒരു സ്പോർട്ട്സ്മാൻ സ്പിരിറ്റോടെ നടക്കുകയും അങ്ങനെ തന്നെ എല്ലാവരും നോക്കി കാണുകയും ചെയ്യേണ്ട ഒരു പരിപാടിയെ സങ്കുചിത രാഷ്‌ട്രീയ കണ്ണടവെച്ച് നോക്കുന്ന എംഎൽഎയുടെ പ്രസ്താവന ബാലിശമാന്നെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സി. സുമേഷ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories