കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീത് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മാങ്ങാനം സ്വദേശിയായ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11 മണിയോടെ കോട്ടയം സെൻട്രൽ ജംഗ്ഷനിലാണ് സംഭവം നടന്നത്. മദ്യപിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടാകുകയും അത് പിന്നീട് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് ശ്രീകാന്ത് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വിനീതിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വിനീതിന് ഗുരുതരമായി പരിക്കേറ്റ വിവരമറിഞ്ഞ് സമീപപ്രദേശത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കൺട്രോൾ റൂം സംഘം ഉടനടി സ്ഥലത്തെത്തി. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയായ ശ്രീകാന്തിനെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കുത്തേറ്റ വിനീതിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സ്ഥലത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വെസ്റ്റ് പൊലീസ് അറിയിച്ചു.