Share this Article
News Malayalam 24x7
നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല, നാലുപേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി
വെബ് ടീം
11 hours 32 Minutes Ago
1 min read
suhail

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേര്‍ കാറിടിച്ച് മരിച്ച കേസില്‍ പ്രതി സുഹൈലിന്‍റെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. രണ്ടരമണിക്കൂര്‍ നേരമാണ് വാദം നീണ്ടുനിന്നത്. കേസിലെ മറ്റു പ്രതികളായ നിനവ്, ജോയല്‍ ,അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്.105ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായി നരഹത്യ ചുമത്തിയിരിക്കുന്നത് നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ദൃക്‌സാക്ഷി പോലും ഇല്ലാത്ത കേസില്‍ ആദ്യം എഫ്‌ഐആര്‍ ഇട്ടപ്പോള്‍തന്നെ 105ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനില്‍ക്കില്ല. മൂന്ന് പേര്‍ ഒരു സ്‌കൂട്ടറിലും കൂട്ടുകാരന്‍ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വന്നതില്‍ ദുരൂഹതയുണ്ട്. മൂന്നുപേര്‍ ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാന്‍ സാധ്യതയുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകള്‍ സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മുന്‍പൊരു ചെറുപരാതി പോലും ഒന്നാം പ്രതിക്കെതിരെ ഇല്ലാതിരുന്നിട്ടും തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന ആളാണെന്ന് മുദ്രകുത്തി.

അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയില്ല. ഒന്നാംപ്രതിയുടെ കുടുംബത്തിനുനേരെ വലിയതോതില്‍ ആക്രമണം നടത്തുകയാണ്. സാമൂഹിക മാധ്യമങ്ങളും മറ്റും ഏറ്റെടുത്ത് സംഭവം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയതാണ്. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാം. രണ്ടുമുതല്‍ നാലുവരെയുളള പ്രതികള്‍ കാറിലെ യാത്രക്കാരാണ്. ഇവര്‍ കാറോടിച്ച പ്രതിയെ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് തടഞ്ഞില്ലെന്നാണ് ആരോപണം. എഫ്‌ഐആറിന് അടിസ്ഥാനമായ സാക്ഷിമൊഴിയില്‍ ഇതൊന്നും പറയുന്നില്ല. പിതാവ് രക്ഷിക്കുമെന്ന് പറയുന്നതായി വ്യാപകമായി പ്രചരിച്ചു. അങ്ങനെയങ്കില്‍ അപകടം നടന്നിടത്ത് നിന്ന് പ്രതി ഓടിപ്പോകുമായിരുന്നല്ലോ, വേഗം തെളിയിക്കുന്ന എന്ത് രേഖയാണ് ഉള്ളത്. സിസിടിവി ക്യാമറ ഉണ്ടെന്ന് പറയുന്നു. എന്നാല്‍ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല, സീന്‍ മഹസര്‍ ഒളിപ്പിച്ചുവെന്നും പ്രതിഭാഗം വാദിച്ചു. കേസന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ഒന്നാം പ്രതിയുടെ രക്തത്തില്‍ 161 മില്ലി ഗ്രാമും മൂത്രത്തില്‍ 230 മില്ലിഗ്രാമും ആല്‍ക്കഹോളിന്റെ അംശം പരിശോധനയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും ഉടനെ ഹാജരാക്കുമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories