Share this Article
News Malayalam 24x7
പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പൊലീസിനെ ആക്രമിച്ച കേസ്; കോൺഗ്രസ് പ്രവർത്തകർക്ക് കഠിനതടവും പിഴ ശിക്ഷയും
വെബ് ടീം
posted on 31-08-2026
1 min read
PERIYA

കാസർഗോഡ്: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പ്രദേശത്തുണ്ടായ സംഘർഷത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച കേസിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിനതടവും 91,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയുടേതാണ് നിർണ്ണായക വിധി. കേസിലെ പ്രതികളായ സതീശൻ എം.കെ, സനൽ കുമാർ, ബിജിത്ത് എം, വിവേക് ചന്ദ്രൻ, ചന്ദ്രൻ, ഗിരീഷ്, രവി എന്നിവർക്കാണ് കോടതി തടവുശിക്ഷയും പിഴയും ചുമത്തിയത്. കേസിൽ ആകെയുണ്ടായിരുന്ന 10 പ്രതികളിൽ രണ്ടുപേർ വിദേശത്താണ്. ഒരാൾ വിചാരണ നേരിട്ടിരുന്നില്ല. തുടർന്നാണ് കേസിൽ വിചാരണ പൂർത്തിയാക്കിയ ഏഴ് പേരുടെ ശിക്ഷാവിധി കോടതി പ്രഖ്യാപിച്ചത്.

2019 ഫെബ്രുവരി 17-നാണ് കാസർകോട് ജില്ലയിലെ കല്ല്യോട്ട് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും (23) കൃപേഷും (19) ക്രൂരമായി കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെ കല്ല്യോട്ട് കൂരാങ്കര റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞുനിർത്തി മാരകമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വച്ചും, ശരത് ലാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.ഈ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള രാഷ്ട്രീയ അക്രമങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്തെ ഒരു സി പി ഐ എം പ്രവർത്തകൻ്റെ വീടിന് സംരക്ഷണം ഒരുക്കാനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ഒരു സംഘം ആളുകൾ അക്രമം നടത്തിയത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ച് ഉത്തരവായത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories