Share this Article
News Malayalam 24x7
'നിങ്ങളുടെ മകനെ കൊണ്ടുപോവുകയാണ്, തിരക്കി വരേണ്ട'; ഗേറ്റിലെ ഗ്രില്ലിൽ കത്ത്, 13കാരനെ കാണാതായി, അന്വേഷണം
വെബ് ടീം
posted on 01-09-2026
1 min read
KAILASH

ചെങ്ങന്നൂർ: പുലിയൂർ ആയുർവേദ ആശുപത്രിക്ക് സമീപത്ത് നിന്ന് 13 വയസുകാരനായ സ്കൂൾ വിദ്യാർഥിയെ കാണാതായി. ചെറിയനാട് എസ്എൻ. ട്രസ്റ്റ് എച്ച്എസ്എസ്. വിദ്യാർഥിയും പുലിയൂർ സുനിൽ ഭവനിൽ സുനിൽ - മായ ദമ്പതികളുടെ മകനുമായ കൈലാസിനെയാണ് ഇന്ന്  രാവിലെ 8.45 മുതൽ കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

​രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ചാണ് കൈലാസ് വീട്ടിൽ നിന്നിറങ്ങിയത്. അമ്മ കൂടെ ചെല്ലാൻ ശ്രമിച്ചെങ്കിലും നിരസിച്ച കുട്ടി, സ്വയം ഓട്ടോയിൽ പോയ്ക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. കുട്ടി പോയതിന് പിന്നാലെ വീടിന്റെ ഗേറ്റിലെ ഗ്രില്ലിൽ നിന്ന് ഒരു കത്ത് കണ്ടെത്തി. -നിങ്ങളുടെ മകനെ കൊണ്ടുപോവുകയാണ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് പോകുന്നത്, തിരക്കി വരേണ്ട എന്നാണ് കത്തിൽ എഴുതിയിരുന്നത്.

​തുടർന്ന് സ്കൂളിലും ഓട്ടോ ഡ്രൈവറുമായും ബന്ധപ്പെട്ടപ്പോഴാണ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായതെന്നും വീട്ടിൽ നടത്തിയ പരിശോധനയിൽ 3,500 രൂപയും ഓണത്തിന് വാങ്ങിയ പുതിയ വസ്ത്രങ്ങളും ജ്യേഷ്ഠന്റെ മൊബൈൽ ഫോണും കാണാനില്ലെന്ന് കണ്ടെത്തി. കുട്ടി ഉപയോഗിച്ചിരുന്ന ഫോണിൽ നിന്ന് ഓട്ടോ ഡ്രൈവറുടെ നമ്പർ ഡിലീറ്റ് ചെയ്ത നിലയിലാണ്. കൊണ്ടുപോയ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബാഗിൽ പുസ്തകങ്ങളും ഊണുപാത്രവും റൈറ്റിംഗ് പാഡും കുട്ടി കരുതിയിട്ടുണ്ടെന്നും  കഴിഞ്ഞ ദിവസം സയൻസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിനെക്കുറിച്ച് ടീച്ചർ വീട്ടിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നും  പിതാവ് സുനിൽ പറഞ്ഞു.

​കത്തിലെ അക്ഷരങ്ങളിൽ ചില പിഴവുകളുണ്ടെങ്കിലും സാഹചര്യ സമ്മർദം മൂലം കുട്ടി തന്നെ എഴുതിയതാകാമെന്നാണ് പോലീസ് നിഗമനം. 

​കുട്ടി പോകാൻ  സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

​കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം.

​ഫോൺ: 9539220982, 8156864281

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories