Share this Article
News Malayalam 24x7
ആര്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി; ആംബുലന്‍സ് ക്രമീകരണത്തില്‍ ഗുരുതര വീഴ്ച; മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ സംവിധാനം ഇല്ലാതെയെന്നും ആരോപണം
വെബ് ടീം
posted on 06-08-2026
1 min read
R RAJESH

കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ മൃതദേഹം എംബാം ചെയ്യാതെയും മതിയായ ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സിലുമാണ് അയച്ചതെന്നാണ് ആരോപണം.

ആംബുലന്‍സ് ഡ്രൈവര്‍മാരായ മുഹമ്മദ് നിയാസും മുഹമ്മദ് തന്‍വീറുമാണ് ഗുരുതര വീഴ്ചയുണ്ടായതായി വെളിപ്പെടുത്തിയത്. വെള്ളത്തില്‍ മുങ്ങിമരിച്ചതിനാല്‍ ശരീരം വീര്‍ത്ത നിലയിലായിരുന്നുവെന്നും ഇത്തരം സാഹചര്യങ്ങളില്‍ മൃതദേഹം എംബാം ചെയ്യുകയോ ഫ്രീസര്‍ സംവിധാനമുള്ള വാഹനത്തില്‍ കൊണ്ടുപോകുകയോ ചെയ്യേണ്ടത് അനിവാര്യമാണെന്നും മുഹമ്മദ് നിയാസ് പറഞ്ഞു. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നാണ് ആരോപണം.

തൃശ്ശൂര്‍ ചാവക്കാട് എത്തിയപ്പോഴാണ് ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സിലാണ് മൃതദേഹം കൊണ്ടുപോകുന്നതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഭൗതികദേഹത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് സമീപത്ത് മറ്റൊരു ഫ്രീസര്‍ ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റി തിരുവനന്തപുരത്തേക്ക് യാത്ര തുടര്‍ന്നു. മൃതദേഹം വഴിമധ്യേ മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേ സമയം  സംഭവം അന്വേഷിക്കുമെന്ന്  കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു. കുടുംബത്തിന് പരാതിയില്ലെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്.

ഈ കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂര്‍ മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ രാജേഷ് ഒഴുക്കില്‍പ്പെട്ടത്. സാഹസിക കായിക ഇനമായ റെപ്പലിങ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവര്‍ത്തകനുമായ രാജേഷ് സുരക്ഷിതമായി മടങ്ങിയെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രതീക്ഷകള്‍ വിഫലമാക്കി മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories