Share this Article
News Malayalam 24x7
മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു; കുഞ്ഞ് മരിച്ചു
Woman Abandons Newborn Fetus in Hospital Toilet

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ശുചിമുറിയിൽ മാസം തികയാതെ പ്രസവിച്ച നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ വണ്ടിത്തടം സ്വദേശി ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗർഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് ഇന്നലെ വൈകീട്ടോടെ യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് വെയിറ്റിംഗ് ഏരിയക്ക് സമീപമുള്ള ശുചിമുറിയിൽ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയുമായിരുന്നു.


ഏകദേശം ഒരു മണിക്കൂറോളം യുവതി ശുചിമുറിക്കുള്ളിൽ ഉണ്ടായിരുന്നു. പുറത്തിറങ്ങിയ യുവതിയുടെ വസ്ത്രങ്ങളിൽ രക്തക്കറ കണ്ടതിലും, നിറവയറുമായി ഉള്ളിൽ കയറിയ യുവതി പുറത്തുവന്നപ്പോൾ വയറിന്റെ വലിപ്പം കുറഞ്ഞിരുന്നതിലും സംശയം തോന്നിയ ആശുപത്രിയിലുണ്ടായിരുന്നവരും ജീവനക്കാരും വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ പുറത്തറിയുന്നത്.


ഉടൻ തന്നെ ഫയർഫോഴ്സ് സംഘത്തെ വിവരമറിയിക്കുകയും അവർ എത്തി ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. അപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. വിവാഹിതയല്ലാത്ത യുവതി ഗർഭം മറച്ചുവെക്കുന്നതിനാണ് ഇത്തരം ഒരു കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories