ബ്രിട്ടനിലെ ഉപരിപഠനത്തിനായി ശ്രമിച്ചെങ്കിലും വിസ ലഭിക്കാത്തതിലുള്ള മനോവിഷമത്തെ തുടർന്ന് 25-കാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവച്ചൽ മൂളമൂട് സ്വദേശി ബാബുവിന്റെയും സിന്ധുവിന്റെയും മകൾ അഞ്ജന (25) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഏറെ വൈകിയും അഞ്ജന മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് അമ്മ വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുകാർ ബലമായി വാതിൽ തുറന്നു നോക്കിയപ്പോഴാണ് അഞ്ജനയെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാൻ അഞ്ജന നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും വിസ നിരസിക്കപ്പെട്ടിരുന്നു. ഇതിലുണ്ടായ കടുത്ത മാനസിക വിഷമമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.