ന്യൂഡൽഹി: ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് സർവീസിൽ നിന്ന് പുറത്താക്കി എയർ ഇന്ത്യ.പൈലറ്റ് ലഹരി ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. 36,000 അടി ഉയരത്തിൽ പറക്കുമ്പോൾ വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനങ്ങള്‍ തകരാറായെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധനയിൽ സുദീപ് വസിഷ്ഠ മാനസികനിലയെ ബാധിക്കുന്ന ലഹരിവസ്തു (psychoactive substance) ഉപയോഗിച്ചതായി കണ്ടെത്തി.
ഓഗസ്റ്റ് 4-ന്, എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനമായ AI2379 ഏകദേശം 300 അടി താഴേക്ക് പതിക്കുകയും നിരവധി യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോർട്ട് പ്രകാരം, 145 യാത്രക്കാരുമായി 36,000 അടി ഉയരത്തിൽ സഞ്ചരിക്കുകയായിരുന്ന വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം എന്നപോലെ പ്രവർത്തനരഹിതമാവുകയായിരുന്നു.സാങ്കേതിക തകരാറും പൈലറ്റിന്റെ ലഹരി ഉപയോഗവും തമ്മിലുള്ള ബന്ധം അന്വേഷണസംഘം പരിശോധിക്കുകയാണ്.