തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പൊള്ളലേറ്റ നവാസാണ് മരിച്ചത്. സംഘർഷത്തിന് പിന്നാലെ പ്രതി അനീഷ് കുറ്റം ഏറ്റുപറയുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. ശരീരമാസകലം പൊള്ളലേറ്റ ശേഷം ബാർ ജീവനക്കാരോടാണ് പ്രതി ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്നത്. ഇയാളുടെ കയ്യിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തുമെല്ലാം ഗുരുതരമായി പൊള്ളലേറ്റതിന് ശേഷമായിരുന്നു ഒരുകൂസലുമില്ലാതെയുള്ള പ്രതികരണം. ഒരു പ്രാദേശിക ഓൺലൈൻ ചാനലാണ് വീഡിയോ പുറത്തുവിട്ടത്.
'ഞാൻ ജസ്റ്റ് ഒരു പെഗ്ഗടിക്കാൻ വന്നതാണ്. അപ്പോൾ അവൻ എന്നെ ചീത്തവിളിച്ചു, അടിച്ചു. ഉടനെ ഞാൻ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് കത്തിച്ചു. അവൻ ഓടി രക്ഷപ്പെട്ടു. അവൻ കത്തിയോ എന്ന് എനിക്കറിയില്ല. ഞാൻ വേറൊന്നും ചെയ്‌തിട്ടില്ല. അതിന് മുമ്പേ ഞാൻ വീണു. ചുമ്മാ എന്റെ കവാലത്തടിച്ചു. അവനെ മുൻപരിചയമില്ല' - അമിത മദ്യലഹരിയിലായിരുന്ന അനീഷ് പറഞ്ഞു.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ബാറിൽ സംഘർഷമുണ്ടായത്. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് എന്നയാൾ മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്.80 ശതമാനത്തിലേറെ പൊള്ളലേറ്റ അനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പൊള്ളലേറ്റ മറ്റ് 5പേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ മജിസ്‌ട്രേറ്റ് നേരിട്ടെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച വെഞ്ഞാറമൂട് പൊലീസ് അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.