Share this Article
News Malayalam 24x7
ഇന്ത്യന്‍ ഫുട്ബോളിന്റെ നാളത്തെ പ്രതീക്ഷകളായി കേരളത്തിലെ ചെറുപ്പക്കാരുണ്ടാകണമെന്ന് മന്ത്രി ഒ.ജെ ജനീഷ്; സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ചാംപ്യന്‍മാര്‍
വെബ് ടീം
2 hours 3 Minutes Ago
1 min read
OJ JANEESH


തൃശൂർ: ഇന്ത്യന്‍ ഫുട്ബോളിന്റെ നാളത്തെ പ്രതീക്ഷകളായി കേരളത്തിലെ ചെറുപ്പക്കാരുണ്ടാകണമെന്ന് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന 65-ാമത് സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം 'ഓപ്പറേഷന്‍ കളരി' എന്ന പേരില്‍ ഒരു പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിലെ അത്‌ലറ്റിന്റെയും അതോടൊപ്പംതന്നെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെയും നവീകരിക്കുന്ന പദ്ധതിയാണിത്. അതിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കേരളത്തിന്റെ കായിക മേഖലയ്ക്കു കീഴിലുള്ള ഹോസ്റ്റലുകള്‍, സ്‌റ്റേഡിയങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍ എല്ലാം തന്നെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ മെച്ചപ്പെടുത്തിയെടുക്കുന്ന ഒരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി ഒ.ജെ ജനീഷ് ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫിയും മെഡലും വിതരണം ചെയ്തു. മത്സരത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ടീമുകള്‍ ചാംപ്യന്‍മാരായി. കോഴിക്കോട് ജില്ലാ ടീം രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലാ ടീം മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സംസ്ഥാനത്തിന്റെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അണ്ടര്‍ 15 ബോയ്സ്, അണ്ടര്‍ 17 ഗേള്‍സ്, അണ്ടര്‍ 17 ഗോള്‍സ് സ്‌കൂള്‍ ടീമുകളായിരുന്നു മത്സരിച്ചത്.  

സമാപന സമ്മേളനത്തില്‍ എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും പത്മശ്രീ പുരസ്‌ക്കാര ജേതാവുമായ ഐ.എം. വിജയന്‍, മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ജോപോള്‍ അഞ്ചേരി എന്നിവര്‍ മുഖ്യാതിഥികളായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോയ് ബാസ്റ്റിന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സുമേഷ്, ഡി.ഡി.ഇ ടി. ഷൈല, സംസ്ഥാന സ്പോര്‍ട്ട്സ് കോ-ഓര്‍ഡിേനേറ്റര്‍ അജിത് വര്‍ഗ്ഗീസ്, അസിസ്റ്റന്റ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍മാരായ വിസ്മയ, പി.യു. ചിത്ര, കുഞ്ഞുമുഹമ്മദ്, ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ എ.കെ ഷാജി, തൃശൂര്‍ ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് പൊതുവിദ്യാഭ്യാസ വകുപ്പ് എ.ഡി.പി.ഐ സി.എ സന്തോഷ് സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ നന്ദിയും പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories